bank-looting

ന്യൂഡൽഹി: കാഷ്യറെ വെടിവച്ചിട്ട് ആറംഗ സായുധ സംഘം ഡൽഹിയിൽ ബാങ്കിൽ നിന്ന് മൂന്നുലക്ഷം കൊള്ളയടിച്ചു. തെക്കൻ ഡൽഹിയിലെ ചാവ്‌ലയിലെ കോർപറേഷൻ ബാങ്കിലാണ് കവർച്ച നടന്നത്. വെടിയേറ്റ കാഷ്യർ സന്തോഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

ബാങ്കിൽ ഇടപാടിനെത്തിയവരെയും ജീവനക്കാരെയും തോക്കിൻ മുനയിൽ നിറുത്തിയാണ് കൊള്ളനടന്നത്. തോക്കുകളുമായി മുഖംമറച്ച് ബാങ്കിലേക്ക് സംഘം ഇരച്ചുകയറുകയായിരുന്നു. സെക്യൂരിറ്റിക്കാരന്റെ തോക്ക് പിടിച്ചുവാങ്ങി അടിച്ചുവീഴ്ത്തി. തുടർന്ന് കാഷ് കൗണ്ടറിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചെങ്കിലും സന്തോഷ് എതിർത്തു. രണ്ടുതവണ ഇയാൾക്കെതിരെ നിറയൊഴിച്ച് പണവുമായി അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. ആക്രമണ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ആസൂത്രിത കൊള്ളയാണ് നടന്നതെന്നും പത്തുവർഷത്തിനിടെ ഡൽഹിയിൽ ഇത്തരത്തിലുള്ള ആക്രമണം ആദ്യമാണെന്നും പൊലീസ് പറഞ്ഞു.