ന്യൂഡൽഹി: 'മീ ടു' കാമ്പെയിനിൽ ഇരുപതോളം വനിതാ മാദ്ധ്യമപ്രവർത്തകർ തലങ്ങും വിലങ്ങും ഉന്നയിച്ച ലൈംഗികാരോപണങ്ങളിൽ വശംകെട്ട കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ അക്ബർ ഭീഷണി മുഴക്കിയും മറ്റും പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ഗതികെട്ട് ഇന്നലെ രാജിവച്ചു. നരേന്ദ്രമോദി മന്ത്രിസഭയിൽ ലൈംഗികാരോപണത്തെ തുടർന്ന് രാജിവയ്‌ക്കുന്ന ആദ്യ അംഗമാണ് അക്ബർ. രാജിക്കത്ത് വിദേശ മന്ത്രാലയത്തിന് കൈമാറിയതായി എം.ജെ അക്ബർ പ്രസ്താവനയിൽ അറിയിച്ചു.
തെറ്റായ ആരോപണങ്ങൾക്കെതിരെ നിയമനടപടിക്ക് തീരുമാനിച്ചെങ്കിലും പദവി ഒഴിയുന്നതാണ് ശരിയെന്ന് വിശ്വസിക്കുന്നു. ആരോപണങ്ങളെ വ്യക്തിപരമായി തന്നെ നേരിടും. രാജ്യത്തെ സേവിക്കാൻ അവസരം നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോടും നന്ദി അറിയിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.
ഒക്ടോബർ എട്ടിന് മാദ്ധ്യമപ്രവർത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. പിന്നീട് വിദേശ വനിതാമാദ്ധ്യമ പ്രവർത്തകരടക്കം രംഗത്തു വരികയായിരുന്നു. വിദേശത്തായിരുന്ന അക്ബർ തിരിച്ചെത്തിയശേഷം രാജി ആവശ്യം തള്ളിയിരുന്നു. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും നിയമനടപടി സ്വകരിക്കുമെന്നും വ്യക്തമാക്കിയ അക്ബർ പ്രിയാരമണിക്കെതിരെ ഡൽഹി പാട്യാല ഹൗസ് കോടതിയിൽ മാനനഷ്ടക്കേസും ഫയൽ ചെയ്തിരുന്നു. ഇതോടെ കൂടുതൽ ആരോപണങ്ങൾ പുറത്തുവരുമെന്ന സൂചനയുണ്ടായിരുന്നു. പ്രതിപക്ഷവും മാദ്ധ്യമപ്രവർത്തകരും പ്രതിഷേധം ശക്തമാക്കിയതും നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ അക്ബർ തുടരുന്നത് തിരിച്ചടിയാകുമെന്ന ബി.ജെ.പി വിലയിരുത്തലും രാജിയിലേക്ക് നയിക്കുകയായിരുന്നു.
ടെലഗ്രാഫ്, ഏഷ്യൻ ഏജ് തുടങ്ങിയ പത്രങ്ങളുടെ മുൻ എഡിറ്ററും എഴുത്തുകാരനുമായി തിളങ്ങി നിന്ന അക്‌ബറിന്റെ രാഷ്ട്രീയ പ്രവേശം കോൺഗ്രസിലൂടെയായിരുന്നു. 1989-1991ൽ ബീഹാറിലെ കിഷൻഗഞ്ച് ലോക്‌സഭാംഗമായി. 2014 മാർച്ചിൽ ബി.ജെ.പിയിൽ ചേർന്ന് പാർട്ടി വക്താവായി. 2015ൽ രാജ്യസഭാംഗം. 2016 ജൂലായ് മുതൽ വിദേശകാര്യസഹമന്ത്രിയായി.