ayyappan
ayyappa protest

ന്യൂഡൽഹി: ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയിൽ അയ്യപ്പധർമ്മ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജന്തർമന്ദറിൽ പ്രതിഷേധ നാമജപയാത്ര നടത്തി. ഡൽഹി, ജയ്പൂർ, ജലന്ധർ, ലുധിയാന, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ പ്രതിഷേധത്തിൽ അണിനിരന്നു. പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിലെ കേരളവർമ്മ രാജ ഉദ്ഘാടനം ചെയ്‌തു. അയ്യപ്പ ഭക്തരുടെ വികാരം മുഖ്യമന്ത്രി മാനിക്കണമെന്നും കേന്ദ്ര -സംസ്ഥാന സർക്കാരുകളും രാഷ്ട്രപതിയും അയ്യപ്പ ഭക്തർക്ക് വേണ്ടി ഇടപെടണമെന്നും കേരളവർമ്മ രാജ ആവശ്യപ്പെട്ടു.
ക്ഷേത്രത്തിൽ പോകേണ്ടത് ഏതെങ്കിലും പ്രതിഷേധത്തിന്റെ ഭാഗമായല്ലെന്നും അയ്യപ്പന്റെ സൈന്യമാണ് ആചാര സംരക്ഷണത്തിനായി അണിനിരന്ന ആയിരങ്ങളെന്നും സി. വി ആനന്ദബോസ് പറഞ്ഞു.
അയ്യപ്പ ധർമ്മ സംരക്ഷണ സമിതി അധ്യക്ഷൻ എം.കെ.ജി പിള്ള, സമിതി കോ-ഓർഡിനേറ്റർ ബാബു പണിക്കർ, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി, അഡ്വ. ഉഷാ നന്ദിനി, ആർ.ആർ നായർ തുടങ്ങിയവർ സംസാരിച്ചു. വിശ്വകർമ്മ സഭ, എസ്.എൻ.ഡി.പി, എൻ.എസ്.എസ്, ഡൽഹി മലയാളി അസോസിയേഷൻ, ഗായത്രി, നവോദയം, ബാലഗോകുലം തുടങ്ങിയ സംഘടനകളാണ് അയ്യപ്പ ധർമ്മ സംരക്ഷണ സമിതിയിലുള്ളത്.