mj-akbar-
എംജെ അക്ബർ

ന്യൂഡൽഹി: മീ ടൂ കാമ്പെയ്നിലൂടെ തനിക്കെതിരെ ആരോപണമുന്നയിച്ച മാദ്ധ്യമപ്രവർത്തക പ്രിയാരമണിക്കെതിരെ വിദേശകാര്യസഹമന്ത്രി എം.ജെ. അക്ബർ മാനനഷ്ടക്കേസ് നൽകി. തെറ്റായതും അപകീർത്തികരവുമായ ആരോപണമാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്.പ്രിയാരമണി വ്യക്തമായ ലക്ഷ്യത്തോടെ, പകയോടെ അപകീർത്തിപ്പെടുത്തി. 20 വർഷം മുൻപ് നടന്നുവെന്ന് പറയുന്ന സംഭവത്തിൽ അന്ന് അധികൃതര സമീപിക്കാതെ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെയും മാദ്ധ്യമങ്ങളിലൂടെയും അപമാനിക്കുകയാണ്. ആരോപണത്തിന് പിന്നിൽ അജൻഡയുണ്ട്. തന്റെ സൽപ്പേര് കളങ്കപ്പെടുത്തി. അതിനാൽ ഇന്ത്യൻ പീനൽ കോഡിലെ സെക്‌ഷൻ 499, 500 പ്രകാരം ശിക്ഷിക്കണമെന്ന് എം.ജെ. അക്ബർ ആവശ്യപ്പെട്ടു.അതേസമയം നിയമ പോരാട്ടത്തിന് തയ്യാറാണെന്നും സത്യംമാത്രമാണ് തന്റെ ശക്തിയെന്നും പ്രിയാരമണി പറഞ്ഞു.ടെലഗ്രാഫ്, ഏഷ്യൻ ഏജ് തുടങ്ങിയവയുടെ എഡിറ്ററായിരുന്ന എം.ജെ. അക്ബറിനെതിരെ ആദ്യം പരാതിയുന്നയിച്ച മാദ്ധ്യമപ്രവർത്തകയാണ് പ്രിയാരമണി. തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ഒരുവർഷം മുൻപ് എഴുതിയ ലേഖനത്തിൽ പറഞ്ഞത് അക്ബറിനെക്കുറിച്ചാണെന്ന് പ്രിയാരമണി വെളിപ്പെടുത്തുകയായിരുന്നു. ജോലിക്കായി ഇന്റർവ്യൂവിന് ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ച അക്ബർ കിടക്കയിൽ അടുത്തിരിക്കാൻ പറഞ്ഞെന്നും മദ്യം കുടിക്കാൻ ക്ഷണിച്ചെന്നുമാണ് ആരോപണമുന്നയിച്ചത്. തുടർന്ന് 12ഓളം വനിതാ മാദ്ധ്യമപ്രവർത്തകരും ലൈംഗികാതിക്രമ പരാതികളുമായി രംഗത്തെത്തി. കഴിഞ്ഞദിവസം വിദേശ പര്യടനം കഴിഞ്ഞെത്തിയ എം.ജെ. അക്ബർ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. രാജിയെന്ന ആവശ്യം തള്ളിയ മന്ത്രി ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഇന്നലെ എം.ജെ. അക്ബർ ഓഫീസിലെത്തുകയും ചെയ്തിരുന്നു.