modi-with-world-leaders

ന്യൂഡൽഹി: രൂപയുടെ മൂല്യത്തകർച്ചയ്ക്കിടെ ആശ്വാസ നടപടികൾ തേടി പ്രധാനമന്ത്രി നരേന്ദ്രമോദി ആഗോള പെട്രോളിയം വിതരണ രാജ്യങ്ങളുമായും കമ്പനികളുമായും ചർച്ച നടത്തി. പ്രാദേശിക കറൻസികൾക്ക് അടിയന്തരാശ്വാസം ലഭിക്കുന്ന തരത്തിൽ പണിമിടപാട് വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലെ മന്ത്രിമാരും എണ്ണ കമ്പനികളുടെ സി.ഇ.ഒമാരുമാണ് യോഗത്തിൽ പങ്കെടുത്തത്. ക്രൂഡോയിൽ വില വർദ്ധന ഇന്ത്യയുടെ ആഗോള സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും സൗദി അടക്കമുള്ള രാജ്യങ്ങൾ വിലയിൽ ഉചിതമായ മാറ്റം വരുത്തണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പ്രധാന എണ്ണ ഇറക്കുമതി രാജ്യമായ ഇറാന് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധവും ഇന്ത്യയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

എൺപത് ശതമാനം പെട്രോളിയം ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. വിലക്കയറ്റമുണ്ടാക്കുന്ന വെല്ലുവിളികൾ മറികടക്കാൻ എണ്ണഉത്പാദക രാജ്യങ്ങളുടെ സഹകരണവും പ്രധാനമന്ത്രി തേടി. രാജ്യത്തെ പെട്രോളിയം മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താൻ കമ്പനികളോട് ആവശ്യപ്പെട്ടു. ക്രൂഡോയിൽ വില വർദ്ധിക്കുന്നത് ഇന്ത്യയെ സാരമായി ബാധിക്കുന്നതായി പെട്രോളിയം മന്ത്രി ധർമ്മേന്ദ്രപ്രധാൻ പറഞ്ഞു. ഇന്ധനവിലവർദ്ധനയുടെയും ഡോളറുമായുള്ള രൂപയുടെ മൂല്യത്തകർച്ചയുടെയും പശ്ചാത്തലത്തിൽ നടന്ന യോഗത്തിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി, നിതീ ആയോഗ് ചെയർമാൻ രാജീവ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.