ന്യൂഡൽഹി: ഗോവയിൽ ഭരണമാറ്റത്തിന് മുറവിളികൂട്ടുന്നതിനിടെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി രണ്ട് എം.എൽ.എമാർ രാജിവച്ച് ബി.ജെ.പിയിൽ ചേർന്നു. ദയാനന്ദ് സോപ്തെ, സുഭാഷ് ശിരോദ്കർ എന്നിവരാണ് ഇന്നലെ ഡൽഹിയിലെത്തി ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായെ കണ്ട് പാർട്ടിയിൽ ചേർന്നത്. ഇരുവരുടെയും രാജിക്കത്ത് ലഭിച്ചതായി സ്പീക്കർ പ്രമോദ് സ്വാന്ദ് അറിയിച്ചു. ഇതോടെ 40 അംഗ നിയമസഭയിൽ 14 സീറ്റുമായി കോൺഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമായി. മുഖ്യമന്ത്രി മനോഹർ പരീക്കർ അസുഖബാധിതനായതോടെ ഭരണമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് നീക്കങ്ങൾ ശക്തമാക്കിയിരുന്നു. 16 സീറ്റുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാൻ ഗവർണറോട് നിർദ്ദേശിക്കണമെന്ന് കോൺഗ്രസ് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് രണ്ട് എം.എൽ.എമാർ പാർട്ടിവിട്ടത്.
നാടകീയ നീക്കങ്ങൾക്കൊടുവിലാണ് എം.എൽ.എമാർ ഡൽഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും ബി.ജെ.പിയിൽ ചേരുമെന്ന വാർത്തകളുണ്ടായിരുന്നെങ്കിലും കോൺഗ്രസ് തള്ളിയിരുന്നു. എന്നാൽ തിങ്കളാഴ്ച വൈകി ഡൽഹിയിലെത്തിയ എം.എൽ.എമാർ അജ്ഞാത കേന്ദ്രത്തിലായിരുന്നു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബി.ജെ.പിയിൽ ചേർന്നതായും കൂടുതൽ എം.എൽ.എമാർ കൂടി പുറത്തേക്ക് വരുമെന്നും ഇരുവരും പറഞ്ഞു.
ബി.ജെ.പിയുടെ മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറിനെ പരാജയപ്പെടുത്തിയാണ് ദയാനന്ദ് സോപ്തെ വിജയിച്ചത്. ഷിരോദ്കർ മണ്ഡലത്തിൽ നിന്നാണ് സുഭാഷ് ശിരോദ്കറിന്റെ വിജയം. മുൻകോൺഗ്രസ് നേതാവുകൂടിയായ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയാണ് നീക്കങ്ങൾക്ക് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. ബി.ജെ.പിയെ പിളർത്താനും പരീക്കറിന് പകരം മുഖ്യമന്ത്രിയാവാനുമുള്ള റാണെയുടെ ശ്രമത്തിന്റെ ഭാഗമാണെന്നും നേതാക്കൾ പ്രതികരിച്ചു. 2017ൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച റാണെ ഫലം വന്ന ശേഷം രാജിവച്ച് ബി.ജെ.പിയിൽ ചേർന്ന് വീണ്ടും മത്സരിച്ച് വിജയിക്കുകയായിരുന്നു. മഹാരാഷ്ട്ര ഗോമന്തക് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി, സ്വതന്ത്രർ, എൻ.സി.പി എന്നിവരുടെ സഖ്യത്തിന്റെ പിൻബലവുമായാണ് ബി.ജെ.പി ഗോവ ഭരിക്കുന്നത്.