ന്യൂഡൽഹി: മീ ടു ലൈംഗികാരോപണത്തിൽ കുടങ്ങിയ കേന്ദ്രവിദേശകാര്യസഹമന്ത്രി എം.ജെ അക്ബറിനെതിരെ ഒരു മാദ്ധ്യമപ്രവർത്തക കൂടി ആരോപണവുമായി രംഗത്തെത്തി. ഓഫീസിൽ വച്ചും ഹോട്ടലിൽ വച്ചും ഒന്നിലേറ തവണ അക്ബർ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് തുഷിത പട്ടേലാണ് വെളിപ്പെടുത്തിയത്. ഒപ്പം ജോലി ചെയ്ത കാലത്ത് ഒന്നിലേറെ തവണ കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്തു. കൽക്കത്തയിൽ ഹോട്ടൽമുറിയിലേക്ക് വിളിച്ചുവരുത്തിയ അക്ബർ അടിവസ്ത്രം മാത്രം ധരിച്ചാണ് വാതിൽ തുറന്നത്. ഏഷ്യൻ ഏജ് പത്രത്തിന്റെ ഓഫീസിൽ വച്ച് എം.ജെ അക്ബർ മോശമായി പെരുമാറിയെന്ന ഗസാലവഹാബിന്റെ വെളിപ്പെടുത്തൽ ശരിയാണ്. അക്ബറിന്റെ ഓഫീസിൽ നിരവധി സ്ത്രീകൾ അതിക്രമത്തിനിരയായിട്ടുണ്ട്. നിയമനടപടികളെ ഭയക്കുന്നില്ലെന്നും തുഷിത പറയഞ്ഞു. മീ ടു കാമ്പെയ്നിലൂടെ അക്ബറിനെതിരെ പരാതിയുമായെത്തിയ 16ാമത്തെ വനിതയാണ് തുഷിത.
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്ത്
ലൈംഗികാരോപണങ്ങളിലുൾപ്പെട്ട കേന്ദ്രമന്ത്രി എം.ജെ അക്ബറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വനിതമാദ്ധ്യമപ്രവർത്തകർ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കത്ത് നൽകി. ആരോപണങ്ങൾക്കെതിരെ നിയമനടപടിക്ക് നീങ്ങിയാലും മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ല. തുറന്നുപറയുന്ന വനിതകളെ നിശബ്ദരാക്കാനാണ് മാനനഷ്ടകേസ് നടപടികൾ. സ്വതന്ത്രവും സുതാര്യവുമായ അന്വേഷണത്തിന് അക്ബർ പദവിയിൽ തുടരുന്നത് തടസമാകുമെന്നും നെറ്റ്‌വർക്ക് ഒഫ് വുമൺ ഇൻ മീഡിയ ഇൻ ഇന്ത്യയുടെ നേതൃത്വത്തിൽ നൽകിയ കത്തിൽ ആവശ്യപ്പെട്ടു.