ram

ന്യൂഡൽഹി: കൊലപാതക കേസിൽ ഹരിയാനയിലെ സ്വയംപ്രഖ്യാപിത ആൾദൈവമായ രാംപാലിനും 14 അനുയായികൾക്കും ജീവപര്യന്തം തടവ് ശിക്ഷ. ഹിസാർ അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഡി.ആർ ചാലിയയാണ് ശിക്ഷ വിധിച്ചത്. 2.05 ലക്ഷം രൂപ വീതം പിഴയും വിധിച്ചു. 2014ൽ ഹിസാറിലെ രാംപാലിന്റെ ആശ്രമത്തിൽ വച്ച് പൊലീസും രാംപാലിന്റെ അനുയായികളും തമ്മിലുണ്ടായ സംഘർഷത്തിനിടെ നാലു സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലാണ് വിധി.ഇവർ കുറ്റക്കാരാണെന്ന് ഒക്ടോബർ 11ന് കോടതി കണ്ടെത്തിയിരുന്നു. ഒരു സ്ത്രീയെയും കുട്ടിയെയും കൊലപ്പെടുത്തിയ മറ്റൊരു കേസിൽ കോടതി ഇന്ന് വിധി പറയും.കൊലപാതകത്തിനും ക്രിമിനൽ ഗൂഢാലോനയ്ക്കും ജീവപര്യന്തവും ഒരു ലക്ഷം രൂപ വീതവും അന്യായമായി തടങ്കലിൽ വച്ചതിന് രണ്ടു വർഷവും 5000 രൂപ വീതം പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

ഒരു കൊലപാതക കേസിൽ പഞ്ചാബ് ഹരിയാന ഹൈക്കോടതിയിൽ ഹാജരാക്കാനായി രാംപാലിനെ അറസ്റ്റ് ചെയ്യാൻ ആശ്രമത്തിൽ പൊലീസ് ചെന്നപ്പോഴായിരുന്നു അക്രമം. ദിവസങ്ങളോളം പൊലീസിനെ അകത്ത് കയറ്റാതെ . 15000 ത്തോളം വരുന്ന അനുയായികൾ തടയുകയായിരുന്നു. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് അകത്തുകടന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പരിശോധനയിൽ നാലു സ്ത്രീകളെ ആശ്രമത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരു കുട്ടിയെയും സ്ത്രീയെയും പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് മരിച്ചു. വിധിയെ തുടർന്ന് ഹിസാറിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഹരിയാനയിലെ സോനപേട്ടിലാണ് രാംപാൽ സിംഗിന്റെ ജനനം. ഐ.ടി.ഐ ഡിപ്ലോമ നേടിയ രാംപാൽ ഹരിയാന സർക്കാരിന്റെ ജലസേചന വകുപ്പിൽ ജൂനിയർ എൻജിനിയറായിരുന്നു. 1996ൽ ജോലി രാജിവച്ചു. ഹരിയാനയിലെ സാമൂഹ്യ സാംസ്കാരിക മുന്നേറ്റത്തിനായി മൂന്നു വർഷത്തിനുശേഷം ഹിസാറിനടുത്ത് സത്‌ലോക് ആശ്രമം സ്ഥാപിക്കുകയായിരുന്നു. സ്വയം പ്രഖ്യാപിത ആൾദൈവമായി വളർന്ന രാംപാലിനും അനുയായികൾക്കുമെതിരെ നിരവധി പരാതികളാണുയർന്നിരുന്നത്.