akbar

ന്യൂഡൽഹി: മീ ടു കാമ്പെയ്‌നിന്റെ ഭാഗമായി വിദേശകാര്യസഹമന്ത്രി എം.ജെ അക്ബറിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച പ്രിയാ രമണിയെ പിന്തുയ്ക്കുമെന്ന് 20 വനിതാ മാദ്ധ്യമപ്രവ‌ർത്തകർ അറിയിച്ചു. പ്രിയാരമണിക്കെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്ത എം.ജെ അക്ബറിനെതിരെ കോടതിയിൽ സാക്ഷി പറയാൻ തയാറാണെന്ന് വനിതാ മാദ്ധ്യമപ്രവർത്തകർ സംയുക്തമായിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അക്ബർ എഡിറ്ററായിരുന്നു വിവിധ മാദ്ധ്യമങ്ങളിൽ ഒപ്പം ജോലി ചെയ്ത വനിതാ മാദ്ധ്യമപ്രവർത്തകരാണ് പിന്തുണയുമായി വന്നത്.

അക്ബറിൽ നിന്ന് തങ്ങൾക്കും മറ്റുള്ളവർക്കുമുണ്ടായ അതിക്രമങ്ങൾ കോടതിയിൽ വെളിപ്പെടുത്തും. എഡിറ്ററായിരിക്കെ അക്ബർ പുലർത്തിയ സ്ത്രീവിരുദ്ധതയും നടത്തിയ ലൈംഗിക അതിക്രമങ്ങളും പുറത്തുകൊണ്ടുവരാൻ തുടക്കമിടുകയാണ് പ്രിയാ രമണി ചെയ്തത്. പ്രസ്താവനയിൽ പറഞ്ഞു.

അക്ബറിനെതിരെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തൽ നടത്തിയ തുഷിത പട്ടേൽ ഉൾപ്പെടെയുള്ളവരാണ് പിന്തുണ അറിയിച്ചത്. മുംബയ് മിറർ ചീഫ് എഡിറ്റർ മനീഷ പാണ്ഡെ, ഏഷ്യൻ ഏജ് റസിഡന്റ് എഡിറ്റർ സുപർണ ശർമ, ഡെക്കാൻ ക്രോണിക്കിൾ എഡിറ്റർ എ.ടി ജയന്തി തുടങ്ങിയവരാണ് പിന്തുണയർപ്പിച്ചത്.