ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവ് ജസ്വന്ത് സിംഗിന്റെ മകനും രാജസ്ഥാനിലെ ബി.ജെ.പി എം.എൽ.എയുമായ മാനവേന്ദ്ര സിംഗ് കോൺഗ്രസിൽ ചേർന്നു. ഇന്നലെ രാവിലെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. നേതാക്കളായ അശോക് ഗെഹ്‌ലോട്ട് , സച്ചിൻ പൈലറ്റ്, അവിനാഷ് പാണ്ഡെ, രൺദീപ് സിംഗ് സുർജേവാല എന്നിവരോടൊപ്പമാണ് മാനവേന്ദ്ര സിംഗ് ഡൽഹിയൽ രാഹുലിന്റെ വസതിയിലെത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയ രാജസ്ഥാനിലെ ബാർമറിൽ നിന്നുള്ള എം.എൽ.എയാണ് മാനവേന്ദ്ര സിംഗ്. ബി.ജെ.പിയുമായി ഇടഞ്ഞുനിൽക്കുന്ന രജപുത് വിഭാഗത്തിൽ സ്വാധീനമുള്ള മാനവേന്ദ്ര സിംഗ് വന്നത് കോൺഗ്രസിന് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.