ന്യൂഡൽഹി: ദേശീയ സംസ്ഥാന തലങ്ങളിൽ നിർണായക പദവികൾ വഹിച്ച മുതിർന്ന കോൺഗ്രസ് നേതാവ് എൻ.ഡി തിവാരി അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ 2.50ന് 93ാം ജന്മദിനത്തിൽ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് സെപ്തംബർ മുതൽ ചികിത്സയിലായിരുന്നു.
ഉച്ചയോടെ ലക്നൗവിലെത്തിക്കുന്ന ഭൗതികദേഹം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി ലക്‌നൗ വിധാൻ ഭവനിൽ പൊതുദർശനത്തിന് വയ്ക്കും.
പ്രധാനമന്ത്രി പദവിയിലേക്ക് വരെ പരിഗണിക്കപ്പെട്ട എൻ.ഡി തിവാരി നിരവധി മന്ത്രിസഭകളിൽ അംഗമായിരുന്നു. രണ്ട് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി പദവി വഹിച്ച ഏക നേതാവാണ്. മൂന്നു തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി. 2002 -2007ൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു.
രാജീവ് ഗാന്ധി വധത്തിന് ശേഷം നടന്ന 1991ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നൈനിറ്റാൾ ലോക്സഭാമണ്ഡലത്തിൽ 800 വോട്ടിന് പരാജയപ്പെട്ടതോടെ നരസിംഹറാവു പ്രധാനമന്ത്രിയായി. പ്രധാനമന്ത്രി പദവി കൈയെത്തും ദൂരത്ത് നഷ്ടമായ തിവാരി അർജ്ജുൻ സിംഗിനൊപ്പം 1995ൽ ആൾ ഇന്ത്യ ഇന്ദിര കോൺഗ്രസ് (തിവാരി ) രൂപീകരിച്ച് പുറത്തുപോയി. സോണിയാഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷയായതോടെ കോൺഗ്രസിലേക്ക് മടങ്ങിവന്നു. തിവാരിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.
1925 ഒക്ടോബർ 18ന് നൈനിറ്റാളിൽ ജനനം
അലഹബാദ് സർവകലാശാലയിൽ നിന്ന് നിയമബിരുദം
1952ൽ പ്രജാ സമാജ് വാദി പാർട്ടി ടിക്കറ്റിൽ നൈനിറ്റാളിൽ നിന്ന് ആദ്യമായി യു.പി നിയമസഭയിലെത്തി
1963ൽ കോൺഗ്രസിൽ
1969ൽ യൂത്ത് കോൺഗ്രസിന്റെ ആദ്യ അദ്ധ്യക്ഷനായി
ഇന്ദിരാഗാന്ധിയുടെ അടുത്ത അനുയായിയായാണ് അറിയപ്പെടുന്നത്.
വിവാദങ്ങൾ കൂട്ടിന്
ദേശീയ സംസ്ഥാന തലങ്ങളിൽ തിളങ്ങിയെങ്കിലും വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു. 2007 മുതൽ 2009 വരെ ആന്ധ്രാപ്രദേശ് ഗവർണറായെങ്കിലും ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങി സ്ഥാനമൊഴിഞ്ഞു. തന്റെ പിതാവ് തിവാരിയാണെന്ന് ചൂണ്ടിക്കാട്ടി മുൻകേന്ദ്രമന്ത്രി ഷേർ സിംഗിന്റെ മകൾ ഉജ്ജ്വല ശർമ്മയുടെ മകൻ രോഹിത് ശേഖർ രംഗത്തെത്തിയത് വിവാദമായി. പിന്നീട് ഡി.എൻ.എ ഫലത്തിന്റെ അടിസ്ഥാനത്തിൽ കോടതി രോഹിത് ശേഖറിന്റെ വാദം അംഗീകരിച്ചു. 2014ൽ രോഹിത് ശേഖറിനെ മകനായി തിവാരി അംഗീകരിക്കുകയും ചെയ്തു. രോഹിത് ശേഖർ കഴിഞ്ഞ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽ ചേർന്നിരുന്നു.