d

ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ പരാതികൾ പരിശോധിക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും ആഭ്യന്തര പരാതി പരിഹാര സമിതി ( ഇന്റേണൽ കംപ്ലെയ്ൻസ് കമ്മിറ്റി - ഐ.സി.സി) രൂപീകരിക്കണമെന്ന് കേന്ദ്രവനിതാശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. ഇത് ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ, പ്രാദേശിക പാർട്ടികൾക്ക് മന്ത്രി കത്ത് നൽകി.

മീ ടു ലൈംഗികാരോപണത്തിൽ കുടുങ്ങി കേന്ദ്രവിദേശകാര്യസഹമന്ത്രി എം.ജെ അക്ബർ രാജിവച്ചതിന് പിന്നാലെയാണ് നടപടി.

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്ന നിയമത്തിൽ ഐ.സി.സി രൂപീകരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയപാർട്ടികൾ ഓഫീസിൽ സ്ത്രീകളെ നിയമിക്കുന്നുണ്ട്. സ്ത്രീകൾ ജോലിചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും ബാധകമായ നിയമമെന്ന നിലയിൽ രാഷ്ട്രീയപാർട്ടികളും സമിതി രൂപീകരിക്കണം. മുതിർന്ന സ്ത്രീ ജീവനക്കാരി അദ്ധ്യക്ഷയാകണം. സ്ത്രീകളായ പാർട്ടി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ ഈ പരിധിയിൽ വരില്ല. ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരി ച്ച് വിവരം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും മനേക ഗാന്ധി ആവശ്യപ്പെട്ടു.