modi
modi

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ആസാദ് ഹിന്ദ് സർക്കാരിന്റെ 75ാം വാർഷിക ആഘോഷത്തിനിടെ കോൺഗ്രസിനും നെഹ്‌റു കുടുംബത്തിനുമെതിരെ പ്രധാനമന്ത്രിയുടെ രൂക്ഷ വിമർശനം. ഒരു കുടുംബത്തെ മഹത്വവത്കരിക്കാനായി സുഭാഷ്ചന്ദ്ര ബോസ്, ബി.ആർ അംബേദ്കർ, സർദാർ പട്ടേൽ തുടങ്ങിയ നേതാക്കളുടെ സ്വാതന്ത്ര്യ സമരത്തിലെ സംഭാവനകൾ അവഗണിച്ചുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ചെങ്കോട്ടയിൽ ദേശീയ പതാകയുയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നും നാം ഇന്ത്യയെ കാണുന്നത് ഇംഗ്ലീഷുകാരുടെ കണ്ണിലൂടെയാണ്. നേതാജിയുടെ തത്വസംഹിത ദേശസ്നേഹമായിരുന്നു. അദ്ദേഹത്തെ നയിച്ചതും ദേശസ്നേഹമാണ്. സുഭാഷ് ചന്ദ്രബോസിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ നാഷണൽ ആർമിയിൽ അംഗമായിരുന്ന സ്വാതന്ത്ര്യസമരസേനാനികളും ചടങ്ങിനെത്തിയിരുന്നു. അവർ നൽകിയ ഐ.എൻ.എ തൊപ്പി ധരിച്ചാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുത്തത്. വാർഷികത്തിന്റെ ഭാഗമായി ഫലകവും അനാഛാദനം ചെയ്തു. ചെങ്കോട്ടയിൽ ഐ.എൻ.എ തടവുകാരുടെ വിചാരണ നടന്ന ബാരക് മൂന്നിൽ ഫലകം സ്ഥാപിക്കും.

തിരിച്ചടിച്ച് കോൺഗ്രസ്

ചരിത്രബോധമുള്ളവർക്ക് കാര്യങ്ങൾ അറിയാമെന്നും പ്രധാനമന്ത്രി പദവിക്ക് നിരക്കുന്നതല്ല മോദിയുടെ പരാമർശമെന്നും കോൺഗ്രസ് തിരിച്ചടിച്ചു.സ്വാതന്ത്ര്യദിനത്തിൽ മാത്രം ചെങ്കോട്ടയിൽ ദേശീയ പതാകയുയർത്തുന്നതാണ്പതിവ് . തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ രാഷ്ട്രീയ നേട്ടമാണ് സർക്കാർ നീക്കത്തിന് പിന്നിലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സുഭാഷ് ചന്ദ്രബോസിനെ ' ഏറ്റെടുക്കുന്നത് ' പശ്ചിമബംഗാളിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനാണെന്നും വിലയിരുത്തലുണ്ട്.