ന്യൂഡൽഹി: സി.ബി.ഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെ കൈക്കൂലിക്കേസിൽ ഒന്നാം പ്രതിയാക്കി സി.ബി.ഐ കേസെടുത്തു. രണ്ടു കോടി രൂപ കൈക്കൂലി നൽകിയെന്ന വ്യവസായിയുടെ പരാതിയിലാണ് ചൊവ്വാഴ്ച കേസെടുത്തത്. സി.ബി.ഐയിലെ രണ്ടാമത്തെ ഉയർന്ന പദവിയാണ് സ്പെഷ്യൽ ഡയറക്ടറുടേത്. സി.ബി.ഐ ഡയറക്ടർ അലോക് വർമ്മയും രാകേഷ് അസ്താനയുമായുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് നടപടി. വ്യവസായി മോയിൻ ഖുറേഷിയുമായി ബന്ധപ്പെട്ട അഴിമതിക്കേസ് അസ്താനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കവെ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടി. ടെലിഫോൺ സംഭാഷണം, വാട്‌സ്ആപ്പ് സന്ദേശങ്ങൾ, പണമിടപാട് സ്‌റ്റേറ്റ്‌മെന്റ് എന്നിവ മജിസ്‌ട്രേട്ടിനുമുന്നിൽ സി.ബി.ഐ ഹാജരാക്കിയെന്നാണ് വിവരം.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഹൈദരാബാദിലെ വ്യവസായി സതീഷ് സന അറസ്റ്റിലാകുന്നതോടെയാണ് അസ്താനയ്ക്കെതിരെ ആരോപണമുയരുന്നത്. ഖുറേഷിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പ്രതിയാകാതിരിക്കാൻ രാകേഷ് അസ്താനയ്ക്ക് 2 കോടി രൂപ കൈക്കൂലി നൽകിയെന്ന് സന മൊഴി നൽകുകയായിരുന്നു. 2017 ഡിസംബർ മുതൽ 10 മാസമായാണ് തുക നൽകിയത്.
ദുബായ് കേന്ദ്രീകരിച്ചുള്ള ഇടനിലക്കാരനായ മനോജ് പ്രസാദ് വഴിയാണ് ഇടപാട് നടന്നത്. സനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മനോജ് പ്രസാദിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
ഗൂഢാലോചനയെന്ന് അസ്താന
അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും സി.ബി.ഐയിലെയും ചില ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ് മൊഴിക്ക് പിന്നിലെന്നായിരുന്നു അസ്താനയുടെ വാദം. ഇത് ചൂണ്ടിക്കാട്ടി സി.ബി.ഐ ഡയറക്ടർ അലോക് വർമ്മയ്ക്കെതിരെ കേന്ദ്രസർക്കാരിന് പരാതിയും നൽകിയിരുന്നു. കേന്ദ്രസർക്കാരിന് താത്പര്യമുള്ള അസ്താനയെ അലോക് വർമയുടെ എതിർപ്പ് മറികടന്നാണ് സ്‌പെഷ്യൽ ഡയറക്ടറായി നിയമിച്ചത്. സി.ബി.ഐ അന്വേഷിക്കുന്ന ആറ് കേസുകളിൽ കുറ്റാരോപിതനായിരിക്കെയായിരുന്നു നിയമനം. അസ്താനയ്‌ക്കെതിരെ നേരത്തേ സി.ബി.ഐ കേന്ദ്ര വിജിലൻസ് കമ്മിഷണർക്ക് ഒന്നിലേറെ തവണ കത്തയച്ചിരുന്നു.