narendra

ന്യൂഡൽഹി: വിദേശത്ത് നിന്ന് രാജ്യത്തേക്ക് തിരികെ കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്ക് വ്യക്തമാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിനോട് കേന്ദ്രവിവരാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. കള്ളപ്പണം തിരികെ കൊണ്ടുവരാനെടുത്ത നടപടികളും വ്യക്തമാക്കണം. അതുപോലെ 2014 -17 കാലയളവിൽ കേന്ദ്രമന്ത്രിമാർക്കെതിരെ ലഭിച്ച അഴിമതി പരാതികളും വെളിപ്പെടുത്തണമെന്ന് മുഖ്യവിവരാവകാശ കമ്മിഷണർ രാധാകൃഷ്ണ മാതുർ ആവശ്യപ്പെട്ടു. വിദേശത്ത് നിന്ന് തിരിച്ചെത്തിച്ച കള്ളപ്പണം എത്ര, അതിൽ ഇന്ത്യൻ പൗരന്മാരുടെ ബാങ്ക് അക്കൗണ്ടിൽ എത്ര പണം നിക്ഷേപിച്ചു എന്നീ വിവരങ്ങളും നൽകാനാവശ്യപ്പെട്ടിട്ടുണ്ട്.

ഫോറസ്റ്റ് സർവീസ് ഓഫീസർ സഞ്ജീവ് ചതുർവേദി നൽകിയ വിവരാവകാശ അപേക്ഷ തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കള്ളപ്പണ വിവരം തേടി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചെങ്കിലും വിവരം ലഭിക്കാത്തതിനെ തുടർന്ന് ചതുർവേദി കേന്ദ്രവിവരാവകാശ കമ്മിഷനിൽ അപ്പീൽ നൽകുകയായിരുന്നു.
കള്ളപ്പണ വിവരം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി. ഇത് വിവരാവകാശ കമ്മിഷൻ തള്ളി. മേക്ക് ഇൻ ഇന്ത്യ, സ്‌കിൽ ഇന്ത്യ, സ്വച്ഛ് ഭാരത്, സ്മാർട്ട് സിറ്റി പദ്ധതി തുടങ്ങിയ പദ്ധതികളുടെ വിവരങ്ങളും ചതുർവേദി തേടിയിട്ടുണ്ട്.

വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നും അത് എല്ലാ പൗരന്മാരുടെയും അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് മോദി വാഗ്ദാനം നൽകിയിരുന്നു.