ന്യൂഡൽഹി: സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെ കൈക്കൂലി കേസിൽ ഒന്നാം പ്രതിയാക്കി കേസെടുത്തതിന് പിന്നാലെ സി.ബി.ഐയിൽ വീണ്ടും അസാധാരണ നടപടി. ഡയറക്ടർ അലോക് വർമ്മയെ കുടുക്കാനായി വ്യാജമൊഴി രേഖപ്പെടുത്തിയതിന് ഡിവൈ.എസ്.പി ദേവേന്ദർകുമാറിനെ സി.ബി.ഐ അറസ്റ്റുചെയ്തു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ സ്വന്തം ആസ്ഥാനത്ത് റെയ്ഡും നടത്തി. രാകേഷ് അസ്താനയുമായി അടുപ്പമുള്ള മുതിർന്ന ഓഫീസർമാരുടെ മുറിയിലാണ് റെയ്ഡ് നടന്നത്.
ഇറച്ചി വ്യാപാരി മോയിൻ ഖുറേഷിയുൾപ്പെട്ട അഴിമതി കേസിൽ വ്യവസായി സന സതീഷിന്റെ വ്യാജ മൊഴി രേഖപ്പെടുത്തിയതിനാണ് നടപടി. അസ്താനയ്ക്ക് കൈക്കൂലി കൊടുത്തെന്ന് സന മജിസ്ട്രേട്ടിന് നൽകിയ മൊഴിക്ക് വിരുദ്ധമായി വ്യാജ മൊഴി ഡിവൈ.എസ്.പി രേഖപ്പെടുത്തുകയായിരുന്നു.
സെപ്തംബർ 28ന് അസ്താനയുടെ നേതൃത്വത്തിൽ സനയുടെ മൊഴിയെടുത്തെന്നായിരുന്നു ദേവേന്ദർകുമാർ രേഖപ്പെടുത്തിയത്. ജൂണിൽ കേസ് സംബന്ധിച്ച് ടി.ഡി.പി രാജ്യസഭാംഗം സി.എം. രമേശിനോട് സംസാരിച്ചു. അദ്ദേഹം സി.ബി.ഐ ഡയറക്ടറോട് സംസാരിച്ച് തന്നെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ലെന്ന് ഉറപ്പ് വാങ്ങി. ഇതിന് ശേഷം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്നാണ് ദേവേന്ദർകുമാർ രേഖപ്പെടുത്തിയ മൊഴി.
എന്നാൽ, മൊഴിയെടുത്ത ദിവസം സന ഹൈദരാബാദിലായിരുന്നെന്ന് സി.ബി.ഐ കണ്ടെത്തി. ഖുറേഷി അഴിമതി കേസ് അട്ടിമറിക്കാൻ ഡയറക്ടർ അലോക് വർമ്മ ശ്രമിച്ചെന്ന് അസ്താന വിജിലൻസ് കമ്മിഷന് നൽകിയ പരാതിക്ക് ബലം കിട്ടാനാണ് വ്യാജ മൊഴിയുണ്ടാക്കിയത്. ഖുറേഷി കേസിൽ നിന്ന് ഒഴിവാക്കാൻ അസ്താനയ്ക്ക് രണ്ടു കോടി കൈക്കൂലി നൽകിയെന്നാണ് മജിസ്ട്രേട്ട് കോടതിയിൽ സന നൽകിയ മൊഴിയെന്നും സി.ബി.ഐ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം അസ്താനയെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.
പ്രധാനമന്ത്രി വിശദീകരണം തേടി
സി.ബി.ഐയിലെ രണ്ടു ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള അധികാര വടംവലി കൈവിട്ടുപോയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടു. രണ്ടു ഉദ്യോഗസ്ഥരെയും നേരിട്ട് വിളിപ്പിച്ച് വിശദീകരണം തേടിയിരിക്കയാണ്. അസ്താനയ്ക്കെതിരെ കേസെടുത്തിന് പിന്നാലെ തിങ്കളാഴ്ച വൈകിട്ടാണ് സി.ബി.ഐ ഡയറക്ടർ അലോക് വർമ്മയെ മോദി ഓഫീസിലേക്ക് വിളിപ്പിച്ചത്. ഇന്നലെ രാവിലെയാണ് അസ്താന പ്രധാനമന്ത്രിയെ കണ്ടത്. അതേസമയം, സി.ബി.ഐ രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനെതിരെ കേസെടുക്കുന്നതിന് മുൻപ് അനുമതി തേടിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ പറഞ്ഞു.
'കൈക്കൂലി കേസിൽ പ്രതിയായ അസ്താന പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണിയാണ്. ഗോധ്ര സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥനാണിത്. മോദിയുടെ രാഷ്ട്രീയ ആയുധമായി സി.ബി.ഐ മാറി".
- കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി