ന്യൂഡൽഹി: ലൈംഗിക പീഡന കേസുകളിൽ ഇരയുടെ പേര് പുറത്തുവിടുന്ന മാദ്ധ്യമ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടി വേണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. കുട്ടികളുടെ പേരടക്കം പുറത്തുവിടുന്ന മാദ്ധ്യമപ്രവർത്തകർക്കെതിരെ പ്രസ് കൗൺസിൽ, എഡിറ്റേഴ്സ് ഗിൽഡ്, എൻ.ബി.എസ്.എ, ഐ.ബി.എഫ്.എ എന്നിവർ എന്തുകൊണ്ട് പൊലീസിനെ അറിയിക്കുന്നില്ലെന്നും കോടതി ചോദിച്ചു.
ബീഹാറിലെ മുസാഫർപുർ ബാലികാ സദനത്തിലെ കുട്ടികളെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസുമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരുടെ നടപടി.പേരുകൾ പുറത്തുവിട്ട ഒരു മാദ്ധ്യമപ്രവർത്തകനെയും പ്രോസിക്യൂട്ട് ചെയ്തിട്ടില്ല. ഇത്തരം കുറ്റം ചെയ്യുന്നവരെ കുറിച്ച് പൊലീസിനെ അറിയിക്കേണ്ട ബാദ്ധ്യത ഉത്തരവാദിത്വപ്പെട്ട സ്ഥാപനങ്ങൾക്കുണ്ടെന്നും കോടതി പറഞ്ഞു. ലൈംഗിക പീഡനകേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.