ന്യൂഡൽഹി: മാപ്പു പറഞ്ഞതിനെ തുടർന്ന് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ കേരള ഹൈക്കോടതി തുടങ്ങിയ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി അവസാനിപ്പിച്ചു. ജേക്കബ് തോമസ് നേരിട്ട് ഹാജരാകണമെന്ന ആവശ്യവും ജസ്റ്റിസ് എ.കെ സിക്രി അദ്ധ്യക്ഷനായ ബെഞ്ച് തള്ളി. ജുഡിഷ്യറിക്ക് അപകീർത്തികരമെന്ന് തോന്നുന്നുവെങ്കിൽ മാപ്പ് പറയുന്നതായി ഇന്നലെ ജേക്കബ് തോമസ് കോടതിയെ അറിയിക്കുകയായിരുന്നു. ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ജേക്കബ് തോമസിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ പറഞ്ഞു. തുടർന്ന് വിശദാംശങ്ങളിലേക്ക് പോകാതെ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി അവസാനിപ്പിക്കുകയായിരുന്നു.
ജേക്കബ് തോമസ് കേന്ദ്രവിജിലൻസ് കമ്മിഷണർക്ക് അയച്ച പരാതിയാണ് കോടതിയലക്ഷ്യ നടപടിക്ക് വഴിവെച്ചത്. ജഡ്ജിമാരായ പി.ഉബൈദ്, എബ്രഹാം മാത്യു എന്നിവർക്കെതിരെ ഈ കത്തിൽ പരാമർശം നടത്തിയതും പരാതിയുടെ ഉള്ളടക്കം മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനുമാണ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടിയിലേക്ക് നീങ്ങിയത്. ഇതിനെതിരെ ജേക്കബ് തോമസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വിമർശനങ്ങൾ വിശാലാർത്ഥത്തിൽ കണ്ടുകൂടെയെന്ന് നേരത്തെ ഹർജി പരിഗണിക്കവെ സുപ്രീംകോടതി ഹൈക്കോടതിയുടെ അഭിഭാഷകനോട് ചോദിച്ചിരുന്നു.