ന്യൂഡൽഹി: ജലന്ധർ രൂപതയ്ക്ക് കീഴിലുള്ള പള്ളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫാദർ കുര്യാക്കോസ് കാട്ടുതറയുടെ ശരീരത്തിൽ ആന്തരികമോ ബാഹ്യമോ ആയ മുറിവുകൾ കണ്ടെത്താനായില്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ആന്തരിക അവയവയങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പോസ്റ്റമോർട്ടത്തിന് നേതൃത്വം നൽകിയ മെഡിക്കൽ സംഘത്തിലെ ഡോ. ജസ്‌വീന്ദർ സിംഗ് പറഞ്ഞു. ഫോറൻസിക് പരിശാധനാ ഫലത്തിന് ഒന്നര മാസവും രാസപരിശോധനാ ഫലത്തിന് ആറു മാസവും സമയമെടുത്തേക്കും. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.
ഇന്നലെ ദൗസയിലെത്തിയ ബന്ധുക്കൾ ഫാദർ മരിച്ചുകിടന്ന സെന്റ് പോൾ കോൺവെന്റ് സ്കൂളിലെ പള്ളിമുറി പൊലീസ് സാന്നിദ്ധ്യത്തിൽ പരിശോധിച്ചു. തുടർന്ന് സിവിൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം കണ്ടശേഷം ഹോഷിയാർപുർ ഡി.എസ്.പി ഓഫീസിലെത്തി അസ്വാഭാവിക മരണത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി. ഇതിന് ശേഷമാണ് ദൗസയിലെ സിവിൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം തുടങ്ങിയത്. ഈ റിപ്പോർട്ട് കൂടി ലഭിച്ച ശേഷം പരാതിയിൽ അസ്വാഭാവിക മരണത്തിനെ കേസെടുത്തേക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.
മരണം അസ്വഭാവികമെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ജലന്ധറിലെത്തിയ സഹോദരൻ ജോസ് കാട്ടുതറ പറഞ്ഞു. ബിഷപ്പ് ഹൗസ് അധികൃതർ വൈദികനെ മാനസികമായി പീഡിപ്പിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷം കൂടുതൽ നിയമനടപടികളിലേക്ക് കടക്കുമെന്നും ജോസ് കാട്ടുതറ പറഞ്ഞു. മൃതദേഹം രാത്രി ലുധിയാനയിലെത്തിച്ച് എംബാം ചെയ്ത് ബുധനാഴ്ച തന്നെ കേരളത്തിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
ഫാ.കുര്യാക്കോസിന് അന്തിമോപചാരമർപ്പിച്ച് ജലന്ധർ രൂപതയിൽ ചണ്ഡീഗഡ് ബിഷ്പ്പ് ഡോ. ഇഗ്നേഷ്യസ് മസ്ക്രീനാസിന്റെ നേതൃത്വത്തിൽ പ്രത്യേക കുർബാന നടന്നു.
സുതാര്യമായ അന്വേഷണത്തിന് പൂർണമായും സഹകരിക്കുമെന്ന് രൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ.അഞ്ജലോ ഗ്രേഷ്യസ് പ്രസ്താവനയിൽ പറഞ്ഞു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഫാ. കുര്യാക്കോസ് കാട്ടുതറയുടെ നിസ്തുല സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.