ന്യൂഡൽഹി: അഴിമതി കേസിൽ സി.ബി.ഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെ തിങ്കളാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി ഹൈക്കോടതി. കേസിൽ അന്വേഷണം തുടരാം. കേസിലെ മൊബൈൽ ഫോൺ ഉൾപ്പടെയുള്ള ഇലക്ട്രോണിക് രേഖകൾ സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു.തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് രാകേഷ് അസ്താന നൽകിയ ഹർജി തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും. സി.ബി.ഐ ഡയറക്ടർ അലോക് കുമാർ വർമ്മയിൽ നിന്നും ജോയിന്റ് ഡയറക്ടർ എ.കെ ശർമ്മയിൽ നിന്നും ഹൈക്കോടതി പ്രതികരണം തേടിയിട്ടുണ്ട്. അതേസമയം അസ്താനയെ സി.ബി.ഐ ചുമതലയിൽ നിന്ന് നീക്കിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചന.അതിനിടെ അറസ്റ്റിലായ ദേവന്ദർകുമാറിനെ ഏഴുദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ കോടതി വിട്ടു. ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡിൽ നിരവധി രേഖകൾ ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുന്ന റാക്കറ്റിന്റെ ഭാഗമാണ് ദേവേന്ദറെന്നും സി.ബി.ഐ വാദിച്ചു.
സി.ബി.ഐ ഡയറക്ടർ അലോക് വർമ്മയ്ക്കെതിരെ വ്യാജമൊഴി രേഖപ്പെടുത്തിയതിന് ഡി.വൈ.എസ്.പി ദേവന്ദർകുമാറിനെ കഴിഞ്ഞദിവസം സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് അസ്താനയും ദേവേന്ദർകുമാറും ഹർജികളുമായി ഇന്നലെ ഹൈക്കോടതിയെ സമീപിച്ചത്.രാകേഷ് അസ്താനയ്ക്കും ദേവേന്ദർകുമാറിനെമെതിരായ കേസ് ഗുരുതരമാണെന്ന് സി.ബി.ഐ കോടതിയിൽ പറഞ്ഞു. അന്വേഷണം നടക്കുകയാണ്. കൂടുതൽ വകുപ്പുകൾ എഫ്.ഐ.ആറിൽ കൂട്ടിച്ചേർക്കാൻ സി.ബി.ഐ അനുമതിയും തേടി.ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നിയമവിരുദ്ധമായാണ് തനിക്കെതിരെ കേസെടുത്തതെന്നായിരുന്നു അസ്താനയുടെ വാദം.
ഇറച്ചി വ്യാപാരി മോയിൻ ഖുറേഷിയുൾപ്പെട്ട അഴിമതി കേസിൽ സി.ബി.ഐ ഡയറക്ടർ അലോക് വർമ്മയെ കുടുക്കാനായി വ്യവസായി സന സതീഷിന്റെ വ്യാജ മൊഴി രേഖപ്പെടുത്തിയതിനാണ് ഡിവൈ.എസ്.പി ദേവേന്ദർകുമാറിനെ സി.ബി.ഐ അറസ്റ്റുചെയ്തത്.
ഖുറേഷി അഴിമതി കേസ് അട്ടിമറിക്കാൻ ഡയറക്ടർ അലോക് വർമ്മ ശ്രമിച്ചെന്ന് അസ്താന വിജിലൻസ് കമ്മിഷന് നൽകിയ പരാതിക്ക് ബലം കിട്ടാനാണ് വ്യാജ മൊഴിയുണ്ടാക്കിയത്. ഖുറേഷി കേസിൽ നിന്ന് ഒഴിവാക്കാൻ അസ്താനയ്ക്ക് രണ്ടു കോടി കൈക്കൂലി നൽകിയെന്ന മജിസ്ട്രേട്ട് കോടതിയിൽ സന നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം അസ്താനയെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.
സി.ബി.ഐയിലെ രണ്ടു ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള ഭിന്നത രൂക്ഷമായതിന് പിന്നാലെ ഇരുവരെയും വിളിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിവിശദീകരണം തേടിയിരുന്നു.