ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശന വിധി നടപ്പാക്കുന്നത് തടയുന്നുവെന്ന് ചൂണ്ടിക്കാട്ടി രണ്ട് മലയാളി യുവതികൾ കോടതിയലക്ഷ്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. ബി.ജെ.പി നേതാക്കളെയും തന്ത്രിയെയും പന്തളം രാജകുടുംബാംഗത്തെയും എതിർകക്ഷിയാക്കി എ.വി വർഷ, തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ഗീനാകുമാരി എന്നിവരുടേതാണ് ഹർജി.
ശബരിമല തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബാംഗം പി. രാമവർമ്മ രാജ എന്നിവർക്കെതിരെയാണ് എ.വി വർഷയുടെ കോടതിയലക്ഷ്യ ഹർജി. ആചാരലംഘനമുണ്ടായാൽ ശബരിമല ക്ഷേത്രം അടച്ചിടാൻ ആവശ്യപ്പെട്ട് രാമവർമ്മരാജ തന്ത്രിക്ക് കത്ത് നൽകിയത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും കോടതിയലക്ഷ്യനിയമം പ്രകാരം ശിക്ഷാർഹമായ നടപടിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള,പത്തനംതിട്ടയിലെ ബി.ജെ.പി നേതാവ് മുരളീധരൻ ഉണ്ണിത്താൻ, നടൻ കൊല്ലം തുളസി എന്നിവർക്കെതിരെയാണ് ഗീനാകുമാരിയുടെ ഹർജി.
ശബരിമലയിൽ പ്രവേശിക്കാനെത്തിയ യുവതികളെ ആക്രമിച്ചു. ശബരിമലയിലെത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന് കൊല്ലം തുളസി പ്രസംഗിച്ചു. ഭരണഘടന കത്തിക്കണമെന്ന മുരളീധരൻ ഉണ്ണിത്താന്റെ പ്രസംഗവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഹർജികൾ അനുമതിക്കായി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന് സമർപ്പിച്ചിരിക്കുകയാണ്.