asthana

ന്യൂഡൽഹി: സി.ബി.ഐ അഴിമതി കേസിൽ ഉൾപ്പെട്ട സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും ഡയറക്ടർ സ്ഥാനത്തു നിന്ന് നീക്കിയ അലോക് വർമ്മയുടെയും അലോഹ്യത്തിന് കാരണങ്ങളേറെയുണ്ട്.

അലോക് വർമ്മയുടെ അലോഹ്യം

 കേന്ദ്രസർക്കാരിന് പ്രിയപ്പെട്ട രാകേഷ് അസ്താനയെ സ്പെഷ്യൽ ഡയറക്ടറായി 2017 ഒക്ടോബറിൽ കേന്ദ്രവിജിലൻസ് കമ്മിഷൻ അദ്ധ്യക്ഷനായ കമ്മിറ്റി നിയമിക്കുന്നു. ഗുജറാത്ത് കേന്ദ്രമായ കമ്പനിയുമായി ബന്ധപ്പെട്ട അഴിമതി കേസിൽ അന്വേഷണം നേരിടുന്നത് ചൂണ്ടിക്കാട്ടി സി.ബി.ഐയിലെ രണ്ടാമനായി അസ്താനയെ നിയമിക്കുന്നതിനെ ഡയറക്ടർ അലോക് വർമ്മ എതിർത്തു.

 തന്റെ അഭാവത്തിൽ യോഗങ്ങളിൽ സി.ബി.ഐ പ്രതിനിധീകരിച്ച് അസ്താനയെ പങ്കെടുപ്പിക്കരുതെന്നും പുതിയ നിയമനങ്ങൾക്ക് അസ്താനയുടെ നിർദ്ദേശം തേടരുതെന്നും ആവശ്യപ്പെട്ട് വിജിലൻസ് കമ്മിഷന് ജൂലായിൽ അലോക് വർമ്മയുടെ കത്ത് . വിവിധ കേസുകളിലായി അസ്താനയ്ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും അറിയിച്ചു.

അസ്താനയുടെ ആരോപണം

 ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനും കുടുംബത്തിനുമെതിരായ ഐ.ആർ.സി.ടി.സി അഴിമതി ഉൾപ്പടെയുള്ള സുപ്രധാന കേസുകൾ അലോക് വർമ്മ അട്ടിമറിക്കുന്നു. സെപ്തംബറിൽ അസ്താന കേന്ദ്രസർക്കാരിനും
സി.വി.സിക്കും പരാതി നൽകി

 അലോക് വർമ്മയും അഡിഷണൽ ഡയറക്ടർ എ.കെ ശർമ്മയും നിരവധി കേസുകളിലെ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി കാണിച്ച് കാബിനറ്റ് സെക്രട്ടറിക്ക് അസ്താനയുടെ കത്ത്

 ഇറച്ചി വ്യാപാരിയായ മോയിൻ ഖുറേഷിയുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ഹൈദരാബാദ് ബിസിനസുകാരനായ സതിഷ് സനയെ രക്ഷിക്കാൻ അലോക് വർമ്മ പണം വാങ്ങിയെന്ന് അസ്താന. സനയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അലോക് വർമ്മ തടസപ്പെടുത്തി. ഐ.ആർ.സി.ടി.സി അഴിമതി കേസ്, ഐ.എൻ.എക്സ് മീഡിയ കേസ്എന്നിവയുടെ അന്വേഷണത്തിൽ നിന്ന് തന്നെ ഒഴിവാക്കി

അസ്താനയ്ക്കെതിരായ കേസ്

യു.പിയിലെ രാംപൂരിൽ നിന്നുള്ള ഇറച്ചി വ്യവസായി മോയിൻ ഖുറേഷിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഉൾപ്പെടാതിരിക്കാൻ അസ്താനയ്ക്ക് രണ്ടു കോടി രൂപ കൈക്കൂലി നൽകിയെന്ന് ഹൈദരാബാദിലെ വ്യവസായി സതീഷ് സനയിൽ മജിസ്ട്രേറ്റിന് മൊഴി നൽകിയെന്ന് സി.ബി.ഐ. തുടർന്ന് രാകേഷ് അസ്താനയെ ഒന്നാം പ്രതിയാക്കി സി.ബി.ഐ കേസെടുത്തു.

ടെലിഫോൺ സംഭാഷണം, വാട്‌സ്ആപ്പ് സന്ദേശങ്ങൾ, പണമിടപാട് സ്‌റ്റേറ്റ്‌മെന്റ് എന്നിവ തെളിവായുണ്ടെന്നാണ് സി.ബി.ഐ പറയുന്നത്. 2017 ഡിസംബർ മുതൽ 10 മാസമായാണ് തുക നൽകിയത്. മൂന്നു കോടി ദുബായിൽവച്ച് ഇടനിലക്കാരൻ മനോജ് പ്രസാദ് വഴി കൈമാറിയെന്നും ആരോപണമുണ്ട്. സനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മനോജ് പ്രസാദിനെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

ഡയറക്ടർ അലോക് വർമ്മയെ കുടുക്കാനായി വ്യാജമൊഴി രേഖപ്പെടുത്തിയതിനാണ് അസ്താനയുടെ അടുപ്പക്കാരനായ ഡിവൈ.എസ്.പി ദേവേന്ദർകുമാറിനെ സി.ബി.ഐ അറസ്റ്റുചെയ്തത്. അസ്താനയ്ക്ക് കൈക്കൂലി കൊടുത്തെന്ന് സന മജിസ്ട്രേട്ടിന് നൽകിയ മൊഴിക്ക് വിരുദ്ധമായി വ്യാജ മൊഴി ഡിവൈ.എസ്.പി രേഖപ്പെടുത്തിയെന്ന് സി.ബി.ഐ. ഖുറേഷി അഴിമതി കേസ് അട്ടിമറിക്കാൻ ഡയറക്ടർ അലോക് വർമ്മ ശ്രമിച്ചെന്ന് അസ്താന കേന്ദ്ര വിജിലൻസ് കമ്മിഷണർക്ക് നൽകിയ പരാതിക്ക് ബലം കിട്ടാനാണ് വ്യാജ മൊഴിയുണ്ടാക്കിയതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കേസ്.

അസ്താനയുടെ അന്വേഷണങ്ങൾ
....................
ഗുജറാത്ത് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥൻ. 2002 ഫെബ്രുവരിയിലെ ഗുജറാത്ത് ഗോധ്ര കലാപം,ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവിന്റെ കാലിത്തീറ്റ കുംഭകോണ കേസ്, സി.ബി.ഐ അഡിഷണൽ ഡയറക്ടറായിരിക്കെ വിജയ് മല്യയുടെ ലോൺ തട്ടിപ്പ്, അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ അഴിമതി, പി.ചിദംബരം ഉൾപ്പെട്ട ഐ.എൻ.എക്സ് മീഡിയ അഴിമതികേസ് എന്നിവ അന്വേഷിച്ച ഉദ്യോഗസ്ഥൻ. മോദിയുടെ കണ്ണിലുണ്ണിയെന്ന് രാഹുൽ ഗാന്ധി.

അലോക് വർമ്മ

................................

1979 ബാച്ച് കേന്ദ്രഭരണപ്രദേശ കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥൻ. ഡൽഹി പൊലീസ് കമ്മിഷണറായിരുന്നു. 2017 ഫെബ്രുവരിയിൽ സി.ബി.ഐ ഡയറക്ടറായി.