ന്യൂഡൽഹി: സി.ബി.ഐ ആസ്ഥാനത്തെ ഭിന്നത കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖം രക്ഷിക്കൽ നടപടിയുടെ ഭാഗമായി അലോക് വർമ്മയെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തു നിന്ന് മാറ്റി. നിലവിലെ ജോയിന്റ് ഡയറക്ടർ എം.നാഗേശ്വരറാവുവിന് ഡയറക്ടറുടെ ഇടക്കാല ചുമതല നൽകി. ഡയറക്ടർ അലോക് വർമ്മയെയും ആരോപണം നേരിടുന്ന രാകേഷ് അസ്താനയെയും നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. അന്വേഷണത്തിൽ നിഷ്‌പക്ഷതയും സുതാര്യതയും ഉറപ്പാക്കാനാണ് രണ്ടു പേരെയും മാറ്റിനിറുത്തുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
സി.ബി.ഐയിലെ രണ്ടാമൻ രാകേഷ് അസ്താനയ്ക്കെതിരെ രണ്ടു കോടിയുടെ കൈക്കൂലി കേസെടുത്തതോടെയാണ് രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയിലെ പോര് പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. തൊട്ടുപിന്നാലെ, അലോക്‌വർമ്മയെ കുടുക്കാനായി വ്യാജമൊഴി രേഖപ്പെടുത്തിയതിന് ഡിവൈ.എസ്.പിയും അസ്താനയുടെ അടുപ്പക്കാരനുമായ ദേവേന്ദർകുമാറിനെ അറസ്റ്റ് ചെയ്തു. തനിക്കെതിരായ എഫ്.ഐ. ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാകേഷ് അസ്താന ഡൽഹി ഹൈക്കോടതിയെ ചൊവ്വാഴ്ച സമീപിച്ചിരുന്നു. അറസ്റ്റ് താത്കാലികമായി തടഞ്ഞ കോടതി അന്വേഷണം തുടരാമെന്നറിയിച്ചു. അന്വേഷണത്തിന്റെ മറവിൽ പണം തട്ടുന്ന റാക്കറ്റിന്റെ ഭാഗമാണ് അസ്താനയെന്നായിരുന്നു സി.ബി.ഐ ഹൈക്കോടതിയിൽ പറഞ്ഞത്. ഇതോടെ കാര്യങ്ങൾ കൈവിട്ടെന്ന് വ്യക്തമായ കേന്ദ്രം ചൊവ്വാഴ്ച അർദ്ധരാത്രി തന്നെ ഇരുവരെയും നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അലോക് വർമ്മ സുപ്രീംകോടതിയിൽ
പല സുപ്രധാന കേസുകളുടെയും അന്വേഷണ ചുമതലയുള്ള തന്നെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അലോക് വർമ്മ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി 26ന് കേൾക്കാമെന്ന് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അറിയിച്ചു.
13 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
ചൊവ്വാഴ്ച പുലർച്ചെ തന്നെ അധികാരമേറ്റ റാവു 13 പേരെ സ്ഥലംമാറ്റി. അലോക് വർമ്മയുടെയും അസ്താനയുടെയും മുറികൾ പരിശോധിച്ച ശേഷം സീൽ ചെയ്തു. അസ്താനയ്ക്കെതിരായ അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡി.ഐ.ജി മനോജ് കുമാർ സിൻഹ, അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി എ.കെ. ബസി, അഡിഷണൽ എസ്.പി എസ്.എസ്. ഗുർ തുടങ്ങി 13 പേരെയാണ് സ്ഥലം മാറ്റിയത്.
എ.കെ. ബസിയെ പോർട്ട് ബ്ലെയറിലേക്കാണ് മാറ്റിയത്. ഡി.ഐ.ജി മനോജ് കുമാർ സിൻഹയെ നാഗ്പുരിലേക്കും എസ്.എസ്. ഗുർമിനെ ജബൽപുരിലേക്കും മാറ്റി.
മോദിക്ക് റാഫേലോ ഫോബിയ: കോൺഗ്രസ്
റാഫേൽ അഴിമതി അന്വേഷിക്കാനുള്ള നീക്കമാണ് അലോക് വർമ്മയെ സ്ഥാനത്തു നിന്ന് നീക്കാനുള്ള കാരണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. മോദിക്ക് റാഫേലോ ഫോബിയയാണെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിഗ്‌വി പറഞ്ഞു. റാഫേൽ ഇടപാട് അന്വേഷിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതാണ് അലോക് വർമ്മയെ നീക്കാനിടയാക്കിയതെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷണും ആരോപിച്ചു. ഇത് രാഷ്ട്രീയ അട്ടിമറിയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
വർമ്മയെ വിമർശിച്ച് കേന്ദ്രം
അലോക് വർമ്മയ്ക്കെതിരെ രൂക്ഷവിമർശനമാണ് കേന്ദ്രസർക്കാർ നടത്തിയത്. '' ആരോപണങ്ങളെ തുടർന്ന് കേന്ദ്ര വിജിലൻസ് കമ്മിഷൻ (സി.വി.സി) ആവശ്യപ്പെട്ട ഫയലുകളും റെക്കാഡുകളും അലോക് വർമ്മ നൽകിയില്ല.
സി.വിസിയുടെ അന്വേഷണത്തോട് സഹകരിച്ചില്ല. മോദിസർക്കാരിനും ബി.ജെ.പിക്കും പ്രിയപ്പെട്ടയാളാണ് രാകേഷ് അസ്താനയെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ് അലോക് വർമ്മയെ വിമർശിച്ചതെന്നത് ശ്രദ്ധേയം.