ന്യൂഡൽഹി: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രസർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായി മന്ത്രിതല സമിതി രൂപീകരിച്ചു. മീ ടു ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി എം.ജെ. അക്ബറിന്റെ രാജിയെ തുടർന്നാണ് കേന്ദ്രത്തിന്റെ തീരുമാനം.
ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, പ്രതിരോധമന്ത്രി നിർമ്മലസീതാരാമൻ, വനിതാശിശുക്ഷേമ മന്ത്രി മനേക ഗാന്ധി എന്നിവരാണ് സമിതി അംഗങ്ങൾ. തൊഴിലിടങ്ങളിൽ പീഡനം തടയുന്നതിനുള്ള നിലവിലെ സംവിധാനങ്ങളുടെ കാര്യക്ഷമതയും മറ്റും സമിതി പരിശോധിക്കും. മൂന്നുമാസത്തിനുള്ളിൽ നിർദ്ദേശങ്ങൾ സമർപ്പിക്കും.
നിലവിലുള്ള വ്യവസ്ഥ ഫലപ്രദമായി നടപ്പിലാക്കുക, നിയമസംവിധാനം ശക്തിപ്പെടുത്തുക, ഭേദഗതികൾ പരിശോധിക്കുക എന്നിവയാണ് മന്ത്രിതല സമിതി പ്രധാനമായും ലക്ഷ്യമിടുന്നത്.
കേസുകളുടെ അന്വേഷണം, വിചാരണ എന്നിവയിൽ മാറ്റങ്ങൾക്ക് ശുപാർശചെയ്യും. നിലവിലെ മീ ടു ആരോപണങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരിശോധിക്കും. മീ ടു ആരോപണങ്ങളിൽ പ്രധാനമായും ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾ പീഡനം നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞാണ് വെളിപ്പെടുത്തൽ എന്നും ഇരകൾ അതേ സാഹചര്യത്തിൽ വീണ്ടും തുടർന്നതെന്തിന് എന്നുമാണ്. ഇക്കാര്യം എങ്ങിനെ കൈകാര്യം ചെയ്യണമെന്ന നിർദ്ദേശവും സമിതി നൽകും.
മീടൂ വെളിപ്പെടുത്തലുകളിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി നേരത്തേ രംഗത്തെത്തിയിരുന്നു. അന്വേഷണത്തിനായി സമിതി രൂപീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
സ്ത്രീകൾക്ക് പരാതി നൽകാൻ തൊഴിലിടങ്ങളിൽ ആഭ്യന്തരസമിതികൾ വേണമെന്ന നിയമം മറ്റ് മേഖലകളിൽ എങ്ങനെ നടപ്പാക്കാമെന്നും സമിതി പരിശോധിക്കും.