ന്യൂഡൽഹി : സി.ബി.ഐ ഡയറക്ടർ അലോക് വർമ്മയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച കേന്ദ്ര സർക്കാർ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. അതേസമയം, വർമ്മയ്ക്കെതിരായ കേന്ദ്ര വിജിലൻസ് അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ റിട്ട. സുപ്രീംകോടതി ജഡ്ജി എ.കെ. പട്നായിക്കിനെ ചുമതലപ്പെടുത്തി. കേസ് നവം 12ന് വീണ്ടും പരിഗണിക്കും .ഡയറക്ടർ പദവിയിൽ നിന്ന് അവധിയിൽ പ്രവേശിപ്പിച്ച നടപടിയും പകരം ഇടക്കാല ഡയറക്ടറെ നിയോഗിച്ചതും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അലോക് വർമ്മയും കോമൺ കോസ് എന്ന എൻ.ജി.ഒയും കോടതിയെ സമീപിച്ചത് .ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബഞ്ചാണ് ഹർജി പരിഗണിച്ചത് .
ഉത്തരവിലെ നിർദ്ദേശങ്ങൾ
1. ഇടക്കാല ഡയറക്ടർ എം. നാഗേശ്വര റാവുവിന് പദവിയിൽ തുടരാം. നയപരമായ തീരുമാനങ്ങൾ എടുക്കരുത്.
2. സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്‌താനയ്ക്കെതിരെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനടക്കം 13 പേരെ സ്ഥലംമാറ്റിയ റാവുവിന്റെ നടപടികൾ മുദ്രവച്ച കവറിൽ നവം. 12ന് കോടതിയിൽ സമർപ്പിക്കണം.
സി.വി.സി അന്വേഷിക്കുന്നത്
സി.ബി.ഐ ഡയറക്ടർ വർമ്മ അന്വേഷണം അട്ടിമറിക്കാൻ ഇടപെട്ടു, അഴിമതി നടത്തി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് സ്പെഷ്യൽ ഡയറക്ടർ അസ്‌താന ആഗസ്റ്റ് 24ന് കാബിനറ്റ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇൗ കത്തിലെ ആരോപണങ്ങളാണ് സി.വി.സി അന്വേഷിക്കുന്നത്. അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് പ്രഥമ ദൃഷ്ട്യാ കേസുണ്ടോയെന്ന്മാത്രം ഇപ്പോൾ നോക്കിയാൽ മതിയെന്നാണ് സുപ്രീംകോടതി നിലപാടെടുത്തത്.
വർമ്മയ്ക്ക് വേണ്ടി ഫാലി എസ്. നരിമാൻ
ഭരണഘടനാ വിദഗ്ദ്ധനും മുതിർന്ന അഭിഭാഷകനുമായ ഫാലി എസ്. നരിമാനാണ് അലോക് വർമ്മയ്ക്ക് വേണ്ടി ഹാജരായത്. സി.ബി.ഐ ഡയറക്ടർക്ക് പദവിയിൽ 2 വർഷം നൽകണം. അതല്ലാതെ മാറ്റുന്നതിന് ഡയറക്ടറുടെ നിയമനം നടത്തിയ പാനലിന്റെ അനുമതി വേണം. ഇതെല്ലാം അട്ടിമറിച്ചു. 1946 ലെ ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ളിഷ്മെന്റ് നിയമത്തിന്റെയും സമാനമായ കേസുകളിൽ സുപ്രീംകോടതിയുടെതന്നെ മറ്റു പല ഉത്തരവുകളുടെ ലംഘനമാണ് നടന്നതെന്ന് ഫാലി എസ്. നരിമാൻ വാദിച്ചു. ഇൗ വിഷയം പിന്നീട് പരിശോധിക്കാമെന്ന് കോടതി അറിയിച്ചു.
ഹർജിയുമായി അസ്താനയും
തന്നെ അവധിയിൽ പ്രവേശിപ്പിച്ചതിനെതിരെ സി.ബി.ഐ സ്പെഷൽ ഡയറക്ടർ അസ്താനയും സുപ്രീംകോടതിയെ സമീപിച്ചു. ഇന്നലെ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്
ത്തഗി അസ്താനയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചത് ചൂണ്ടിക്കാട്ടിയെങ്കിലും ഇപ്പോൾ വിഷയം കോടതി മുമ്പാകെ ഇല്ലെന്നും മറ്റൊരു റിട്ട് ഹർജി നൽകാനും ആവശ്യപ്പെടുകയായിരുന്നു. ഈ ഹർജി തിങ്കളാഴ്ച പരിഗണിച്ചേക്കും.