ന്യൂഡൽഹി: സി.ബി.ഐയിലെ ചേരിപ്പോരിനിടെ ഡയറക്‌ടറായ അലോക് വർമ്മയ്ക്കെതിരെ സ്പെഷ്യൽ ഡയറക്ടർ
രാകേഷ് അസ്താന അഴിമതി ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. കേന്ദ്രകാബിനറ്റ് സെക്രട്ടറിക്കും കേന്ദ്രവിജിലൻസ് കമ്മിഷനും നൽകിയ കത്തുകളിലെ ആരോപണങ്ങളെല്ലാം അലോക് വർമ്മയ്ക്കെതിരെയുള്ള സി.വി.സി അന്വേഷണ പരിധിയിലുണ്ടോയെന്ന് വ്യക്തമല്ല. രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ആരോപണങ്ങൾ സി.ബി.ഐ നിഷേധിച്ചിരുന്നു.
ആരോപണങ്ങൾ
വർമ്മയ്‌ക്ക് സന 2 കോടി നൽകി
ഇറച്ചി വ്യാപാരി മോയിൻ ഖുറേഷിയുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ഹൈദരാബാദ് ബിസിനസുകാരനായ സതീഷ് സനയെ രക്ഷിക്കാൻ അലോക് വർമ്മ രണ്ട് കോടി വാങ്ങി. സനയെ അറസ്റ്റ് ചെയ്യുന്നത് അലോക് വർമ്മ തടഞ്ഞു. സനയുടെ കേസിന്റെ ഫയൽ വർമ്മ നാലുദിവസത്തോളം പിടിച്ചുവച്ചു. ഇതിനിടെ ലുക്കൗട്ട് നോട്ടീസ് ഇറക്കി സന വിദേശത്തേക്ക് രക്ഷപ്പെടുന്നത് തടഞ്ഞത് തന്റെ ടീമാണ്. ഒക്ടോബർ മൂന്നിന് വീണ്ടും സനയുടെ ഫയൽ നൽകിയെങ്കിലും തിരിച്ചുകിട്ടിയില്ല.
അസ്താനയ്‌ക്ക് രണ്ടു കോടി നൽകിയെന്ന് സന മജിസ്ട്രേട്ടിന് മൊഴി നൽകിയത് ചൂണ്ടിക്കാട്ടിയാണ് അസ്‌താനയെ ഒന്നാംപ്രതിയാക്കി സി.ബി.ഐ കേസെടുത്തത്.
ഐ.ആർ.സി.ടി.സി അഴിമതി
ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകൻ തേജസ്വി യാദവ് എന്നിവർ പ്രതിയായ ഐ.ആർ.സി.ടി.സി അഴിമതിക്കേസിൽ അന്വേഷണം അട്ടിമറിക്കാൻ അലോക് വർമ്മ ശ്രമിച്ചു. ലാലുവിനെതിരായ റെയ്ഡ് അവസാന നിമിഷം വർമ്മ വിളിച്ച് ഒഴിവാക്കാൻ ആവശ്യപ്പെട്ടു.താൻ നിലപാടിലുറച്ച് റെയ്‌ഡ് നടത്തുകയായിരുന്നു.
കൽക്കരി അഴിമതി
കൽക്കരി അഴിമതിക്കേസിലെ പ്രതിയെക്കുറിച്ചുള്ള ഇന്റലിജൻസ് വിവരം കിട്ടിയിട്ടും നടപടിയെടുത്തില്ല. ലുക്കൗട്ട് നോട്ടീസും ഇറക്കിയില്ല. ഇത് പ്രതി രക്ഷപ്പെടാനിടയാക്കി. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ നിയമിക്കാൻ ശ്രമിച്ചു.
അന്വേഷണത്തിൽ നിന്ന് മാറ്റി
മുൻകേന്ദ്ര ധനമന്ത്രി പി.ചിദംബരവും മകൻ കാർത്തി ചിദംബരവും പ്രതിയായ ഐ.എൻ.എക്സ് മീഡിയ അഴിമതി കേസ് അന്വേഷണത്തിൽ നിന്ന് അലോക് വർമ്മ തന്നെ ഒഴിവാക്കി. തന്നെ അപമാനിക്കാനായി തന്റെ കീഴുദ്യോഗസ്ഥനെ ഏകപക്ഷീയമായി അലോക് വർമ്മ മാറ്റി.