_inc6807

ന്യൂഡൽഹി: എൻ.സി.പിയിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് താരിഖ് അൻവർ കോൺഗ്രസിൽ മടങ്ങിയെത്തി. ഡൽഹിയിൽ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വസതിയിൽ താരിഖ് അൻവറിനെയും അനുയായികളെയും കോൺഗ്രസിലേക്ക് സ്വാഗതം ചെയ്‌തു. സോണിയാ ഗാന്ധിയുടെ വിദേശബന്ധം ആരോപിച്ച് 19 വർഷം മുൻപ് ശരത് പവാർ, പി.എ.സാംഗ്‌മ എന്നിവർക്കൊപ്പമാണ് താരിഖ് അൻവർ കോൺഗ്രസ് വിട്ട് എൻ.സി.പി രൂപീകരിച്ചത്.

മറാത്തി ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ റാഫേൽ ഇടപാടിൽ നരേന്ദ്രമോദി തെറ്റുകാരനല്ലെന്ന് ശരത് പവാർ പറഞ്ഞതിനെ ചൊല്ലിയാണ് താരിഖ് എൻ.സി.പി വിട്ടത്. ലോക്‌സഭാംഗത്വവും അദ്ദേഹം രാജിവച്ചിരുന്നു. കോൺഗ്രസിലേക്ക് പോകാൻ അഭിമുഖത്തെ തെറ്റായി വ്യഖ്യാനിച്ചെന്നാണ് എൻ.സി.പിയുടെ വാദം. 2014ൽ കോൺഗ്രസ് പിന്തുണയോടെയാണ് താരിഖ് അൻവർ ബീഹാറിലെ കത്ത്യാർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലെത്തിയത്. മുൻപ് നാലു തവണ കോൺഗ്രസ് ടിക്കറ്റിൽ അദ്ദേഹം കത്യാറിൽ ജയിച്ചിട്ടുണ്ട്. ബീഹാർ പി.സി.സി അദ്ധ്യക്ഷൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി, പ്രവർത്തക സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. എൻ.സി.പി നേതാവെന്ന നിലയിൽ രണ്ടാം യു.പി.എ സർക്കാരിൽ കേന്ദ്രമന്ത്രിയുമായി.