naidu

ന്യൂഡൽഹി: ബി.ജെ.പി വിരുദ്ധ മുന്നണി ശക്തിപ്പെടുത്തുനുള്ള തെലുങ്കു ദേശം പാർട്ടി നേതാവും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ നീക്കം ശ്രദ്ധേയമാകുന്നു. കോൺഗ്രസിനെയും ഒപ്പം കൂട്ടിയുള്ള മുന്നണിയാണ് പ്രായോഗികമെന്ന് അദ്ദേഹം സൂചിപ്പിച്ചു. അതേസമയം ഒരു സംസ്ഥാനത്തിനു മാത്രം പ്രാധാന്യം നൽകുന്ന നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തനം രാജ്യത്തിന് ദോഷമാകുമെന്നും നായിഡു പറഞ്ഞു.

ഇന്നലെ ഡൽഹിയിൽ ബി.എസ്.പി നേതാവ് മായാവതി, ഡൽഹി മുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്‌ദുള്ള, ലോക്‌താന്ത്രിക് ജനതാദൾ നേതാവ് ശരത് യാദവ്, മുൻ ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ എന്നിവരടക്കം നിരവധി നേതാക്കളുമായി ചന്ദ്രബാബു നായിഡു ചർച്ച നടത്തി. ഒറ്റയ്‌ക്കു മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മായാവതിയെ അനുനയിപ്പിക്കാനാണ് നായിഡുവിന്റെ നീക്കമെന്നറിയുന്നു. പരിചയമുള്ള നേതാവായ തനിക്ക് മറ്റൊരു നേതാവിന്റെ മനസറിഞ്ഞ് സംസാരിക്കാൻ കഴിവുണ്ടെന്ന് അദ്ദേഹം കൂടിക്കാഴ്‌ചയ്‌ക്ക് മുൻപ് പറഞ്ഞു.

രാജ്യത്തെ രക്ഷിക്കാൻ വിരുദ്ധ രാഷ്‌ട്രീയ ചേരികളിലുള്ളവർ ദേശീയ തലത്തിൽ ഒന്നിക്കേണ്ടി വരുമെന്ന് നായിഡു അഭിപ്രായപ്പെട്ടു. കേരളത്തിൽ യു.ഡി.എഫിലും എൽ.ഡി.എഫിലും നിന്ന് എതിർക്കുന്നവർ ദേശീയ തലത്തിൽ ഒന്നിക്കുന്നുവെന്ന ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ കൂട്ടായ്‌മയിലേക്ക് കൂടുതൽ കക്ഷികൾ എത്തും.

മോദി സർക്കാരിനു കീഴിൽ സംസ്ഥാനങ്ങൾക്ക് കഷ്‌ടകാലമാണെന്ന് നായിഡു പറഞ്ഞു. പ്രളയാനന്തരം കേരളത്തിന് മറ്റു സംസ്ഥാനങ്ങളും ഗൾഫ് രാജ്യങ്ങളും സഹായം നീട്ടിയപ്പോൾ കേന്ദ്ര സർക്കാർ അവഗണിച്ചു. തിത്ത്‌ലി കൊടുങ്കാറ്റ് നാശം വിതച്ച ആന്ധ്രാ പ്രദേശിനും ചോദിച്ച സഹായം നൽകിയില്ല. കേന്ദ്ര സർക്കാരിനെ നിയന്ത്രിക്കുന്നത് ഗുജറാത്ത് ലോബിയാണ്. പ്രധാനമന്ത്രിയും ഭരിക്കുന്ന പാർട്ടിയുടെ അദ്ധ്യക്ഷനും ഒരു സംസ്ഥാനത്തു നിന്നാകുന്നത് ശരിയല്ല. മോദി സർക്കാരിനു കീഴിൽ ജനാധിപത്യം ഭീഷണിയിലാണെന്നും നായിഡു പറഞ്ഞു.