ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമെന്യേയുള്ള സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെയാണ് ബി.ജെ.പി ദേശീയഅദ്ധ്യക്ഷൻ അമിത്ഷാ വെല്ലുവിളിച്ചതെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ വിലയിരുത്തി.
സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടയണമെന്നാണ് അമിത്ഷാ കേരളത്തിലെ പ്രസംഗത്തിൽ ആഹ്വാനം ചെയ്തത്. സ്ത്രീപ്രവേശനം തടയാൻ നടന്ന അക്രമങ്ങൾക്ക് പിന്നിൽ ആരുടെ കരങ്ങളാണെന്ന വെളിപ്പെടുത്തൽ കൂടിയാണ് ഈ പ്രസ്താവന. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുള്ള ആക്രമണം പോലെ അത്യന്തം അപലപനീയമായ സംഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഇത്തരം പ്രസ്താവനകളാണ്.
ഭരണഘടനയോടും സുപ്രീംകോടതിയോടും ആർ.എസ്.എസും ബി.ജെ.പിയും പുലർത്തുന്ന അവജ്ഞയുടെ തെളിവാണ് രാജ്യംഭരിക്കുന്ന പാർട്ടിയുടെ അദ്ധ്യക്ഷന്റെ പ്രസംഗം. കോടതി വിധി ഉയർത്തിപ്പിടിച്ചാൽ സംസ്ഥാനസർക്കാരിനെ വീഴ്‌ത്തുമെന്ന അമിത്ഷായുടെ ഭീഷണി ജനാധിപത്യവിരുദ്ധ, ഏകാധിപത്യ നിലപാടിന്റെ പ്രതിഫലനമാണ്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും വിനാശകരമായ രാഷ്ട്രീയത്തെ കേരളജനത തള്ളിക്കളയും. ബി.ജെ.പിയുടെ സ്ത്രീവിരുദ്ധതയും പുരുഷമേധാവിത്വവും സവർണമേൽക്കോയ്മയും സി.പി. എം രാജ്യവ്യാപകമായി തുറന്നുകാണിക്കും. വിധി നടപ്പാക്കുന്നത് തടയാൻ ശ്രമിച്ചവരുടെ അക്രമം അവസാനിപ്പിക്കാൻ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്നതായും പി.ബി പ്രസ്താവനയിൽ വ്യക്തമാക്കി.