trump-modi
Trump Modi

ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാവാനുള്ള ഇന്ത്യയുടെ ക്ഷണം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചെന്ന് റിപ്പോർട്ട്. ജനുവരി 30ന് അമേരിക്കയിൽ നടക്കുന്ന സ്‌റ്റേറ്റ് ഓഫ് യൂണിയൻ അഡ്രസിൽ പങ്കെടുക്കേണ്ടതിനാൽ ക്ഷണം നിരസിക്കുകയാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ യു.എസ് അധികൃതർ കത്തിലൂടെ അറിയിച്ചെന്നാണ് സൂചന. അതേസമയം ഇന്ത്യയോ അമേരിക്കയോ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വൈറ്റ് ഹൗസാണ് ഇക്കാര്യത്തിൽ നിലപാട് പറയേണ്ടതെന്നാണ് ഡൽഹിയിലെ അമേരിക്കൻ എംബസി നൽകുന്ന വിശദീകരണം.

രാജ്യത്തിന്റെ എഴുപതാമത് റിപ്പബ്ലിക്ക് ദിന ചടങ്ങിലേക്ക് മുഖ്യാതിഥിയായി ഏപ്രിലിലാണ് ഇന്ത്യ ഔദ്യോഗികമായി യു.എസ് പ്രസിഡന്റിനെ ക്ഷണിച്ചത്. ട്രംപ് പങ്കെടുക്കുമെന്ന് കേന്ദ്രസർക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ക്ഷണം തള്ളിയതോടെ ചടങ്ങിലേക്ക് പുതിയ മുഖ്യാതിഥിയെ ക്ഷണിക്കാൻ ഇന്ത്യ ശ്രമിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. 2015ലെ റിപ്പബ്ലിക് ദിന പരേഡിൽ അന്നത്തെ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു മുഖ്യാതിഥി.

ഇന്ത്യ– യു.എസ് നയതന്ത്ര ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് ട്രംപിന്റെ പിൻമാറ്റത്തിലൂടെ പുറത്തുവരുന്നതെന്നാണ് നയതന്ത്രവിദഗ്ധർ പറയുന്നത് . യു.എസ് ഉപരോധം നിലനിൽക്കെ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിറുത്തിവയ്ക്കാത്തതും അടുത്തിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ ഇന്ത്യ സന്ദർശിച്ചപ്പോൾ എസ്.400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ടതും ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു.