ന്യൂഡൽഹി: സാലറി ചലഞ്ചിന് തയ്യാറാകാത്ത സർക്കാർ ഉദ്യോഗസ്ഥരെ വിസമ്മതപത്രം നൽകാൻ നിർബന്ധിച്ചതിനെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി, വിസമ്മതപത്രം സ്‌റ്റേ ചെയ‌്ത ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ തള്ളി. പണം ദുരിതാശ്വാസത്തിന് ഉപയോഗിക്കുമെന്ന് ഉറപ്പില്ലെന്നും ശരിയായ രീതിയിൽ വിനിയോഗിക്കുമെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും ജസ്‌റ്റിസുമാരായ അരുൺ മിശ്രയും വിനീത് ശരണും അടങ്ങിയ ബെഞ്ച് പറഞ്ഞു. ജനങ്ങൾ സ്വമേധയാ നൽകുന്ന സംഭാവനയാണ് സ്വീകരിക്കേണ്ടതെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
സമ്മതപത്രത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സംഭാവന സ്വീകരിക്കാൻ ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് സർക്കാർ തുടർന്ന് അറിയിച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്‌ത വാദം തുടങ്ങിയപ്പോഴേ, സാലറി ചലഞ്ച് സർക്കുലറിലെ പിഴവുകൾ ചൂണ്ടിക്കാട്ടി കടുത്ത വിമർശനം കോടതിയിൽ നിന്നുണ്ടായി. വിസമ്മത പത്രം നൽകിയില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് പണം പിടിക്കാൻ നിശ്ചയിച്ചത് ശരിയായില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.
സാലറി ചലഞ്ചിൽ ജനങ്ങൾ സ്വമേധയാ സംഭാവന നൽകുകയാണ് വേണ്ടത്. നിർബന്ധിച്ച് വാങ്ങുന്നത് ശരിയല്ല. ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ച പറ്റിയത് ഹൈക്കോടതി കണ്ടെത്തിയെന്ന് ജസ്‌റ്റിസ് വിനീത് ശരൺ പറഞ്ഞു.
കേരളത്തിന് സഹായം നൽകണമെന്ന് സുപ്രീംകോടതി നേരത്തേ ഇറക്കിയ സർക്കുലറിലും വിസമ്മതപത്രത്തിന് സമാനമായ വ്യവസ്ഥയുണ്ടെന്ന് അഭിഭാഷകൻ ഈ അവസരത്തിൽ വാദിച്ചു. അതേക്കുറിച്ച് പരാതി വന്നാൽ പരിശോധിക്കുമെന്ന് കോടതി മറുപടി നൽകി. കോടതി അനുകൂലമല്ലെന്ന് മനസിലായതോടെ അഭിഭാഷകൻ അയഞ്ഞു. താത്‌പര്യമുള്ളവരിൽ നിന്ന് സംഭാവന സ്വീകരിക്കാൻ നടപടി സ്വീകരിക്കുമെന്നും അതുപ്രകാരം സർക്കുലർ ഭേദഗതി ചെയ്യുമെന്നും അദ്ദേഹം കോടതിയെ അറിയിക്കുകയായിരുന്നു.
ദുരിതാശ്വാസ നിധിയിലേക്കു ശമ്പളം നൽകാൻ തയ്യാറല്ലാത്ത സർക്കാർ ജീവനക്കാർ വിസമ്മതപത്രം സമർപ്പിക്കണമെന്ന സാലറി ചലഞ്ച് ഉത്തരവിലെ പത്താം വ്യവസ്ഥ ഈ മാസം ആദ്യമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഇതിനെതിരെ കഴിഞ്ഞ വ്യാഴാഴ്ചയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
വിസമ്മതപത്രം നൽകി സ്വയം
അപമാനിതരാകണോ?
സുപ്രീംകോടതി നൽകിയ ദുരിതാശ്വാസ നിധിയിലേക്ക് താനും ജസ്റ്റിസ് വിനീത് ശരണും 25,000 രൂപ വീതം നൽകിയെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. തുക നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് കരുതുക. വിസമ്മതപത്രം നൽകി സ്വയം അപമാനിതരാകണോ?. വാങ്ങുന്ന പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് എന്താണുറപ്പ്?. മദ്ധ്യപ്രദേശിൽ ചില സംഭവങ്ങളുണ്ടായി. ചേംബറിൽ വന്നാൽ വിശദാംശങ്ങൾ നൽകാമെന്നും ജസ്‌റ്റിസ് അരുൺ മിശ്ര സർക്കാർ അഭിഭാഷകനോട് പറഞ്ഞു.