ന്യൂഡൽഹി: അടിസ്ഥാന സൗകര്യമില്ലെന്ന് മെഡിക്കൽ കൗൺസിൽ കണ്ടെത്തിയ തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജ് ,വയനാട് ഡി.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, വാണിയംകുളം പി.കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ,വർക്കല എസ്.ആർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ 2018 -19 വർഷത്തെ എം.ബി.ബി.എസ് പ്രവേശനത്തിന് അനുമതി നൽകിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഇതോടെ ഈ കോളേജുകളിലെ 550 സീറ്റുകളിൽ പ്രവേശനം തേടിയ വിദ്യാർത്ഥികളുടെ ഭാവി തുലാസിലായി. ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് മെഡിക്കൽ കൗൺസിൽ നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്‌റ്റിസുമാരായ അരുൺ മിശ്ര, വിനീത് ശരൺ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. മെഡിക്കൽ കൗൺസിൽ കണ്ടെത്തിയ അപാകതകൾ പരിഹരിച്ചെന്നും പ്രവേശനം പൂർത്തിയായതിനാൽ വിദ്യാർത്ഥികളുടെ ഭാവി പരിഗണിക്കണമെന്നുമുള്ള കോളേജുകളുടെ വാദം കോടതി തള്ളി. അടുത്ത വർഷത്തെ പ്രവേശനം മെഡിക്കൽ കൗൺസിൽ പിന്നീട് തീരുമാനിക്കും.
നാലു കോളേജുകളിലും അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയ മെഡിക്കൽ കൗൺസിൽ പ്രവേശനം തടഞ്ഞിരുന്നു. എന്നാൽ,സംസ്ഥാന സർക്കാർ കൊടുത്ത സത്യവാങ്മൂലത്തിന്റെ പിൻബലത്തിൽ ഹൈക്കോടതിയിൽ നിന്ന് ആഗസ്‌റ്റ് 30ന് അനുകൂല വിധി സമ്പാദിച്ച് നാലു കോളേജുകളുകളും പ്രവേശനം നടത്തി.അൽഅസർ, ഡി. എം വയനാട് , പി.കെ ദാസ് കോളേജുകളിൽ 150 വീതവും എസ്.ആർ മെഡിക്കൽ കോളേജിൽ 100 സീറ്റിലും സ്‌പോട്ട് അഡ്മിനിഷനാണ് നടത്തിയത്.
ഇതിനെതിരെയാണ് മെഡിക്കൽ കൗൺസിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. സുപ്രീംകോടതി സെപ്‌തംബർ അഞ്ചിന് പ്രവേശനം സ്‌റ്റേ ചെയ്‌തെന്നു മാത്രമല്ല, പ്രവേശനം റദ്ദാക്കുമെന്ന മുന്നറിയിപ്പും അന്നു നൽകി.
കോടതി വിധി മറികടക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന മെഡിക്കൽ ഓർഡിനൻസ് സ്റ്റേ ചെയ്തതും പ്രവേശന ക്രമക്കേടിന് കണ്ണൂർ മെഡിക്കൽ കോളേജിന് പിഴ വിധിച്ചതും അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ്.