കൃത്യമായ തിയതി പ്രഖ്യാപിക്കാതെ സുപ്രീംകോടതി
ന്യൂൽഡൽഹി: അയോധ്യയിലെ തർക്ക സ്ഥലവുമായി ബന്ധപ്പെട്ട കേസിൽ അന്തിമ വാദം തുടങ്ങുന്നത് സുപ്രീംകോടതി നീട്ടിവച്ചു. അടുത്ത വർഷം ആദ്യം വാദം തുടങ്ങുമെന്നും ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കേസ് പരിഗണിക്കേണ്ട പ്രത്യേക ബെഞ്ചും പിന്നീട് രൂപീകരിക്കും.
തർക്ക സ്ഥലം മൂന്നായി വിഭജിച്ച 2010ലെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്‌തുള്ള 14 ഹർജികൾ പരിഗണിച്ച ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്നലെ രാവിലെ വാദങ്ങളിലേക്ക് കടക്കാതെ തന്നെ കേസ് നീട്ടിവയ്‌ക്കുകയാണെന്ന് അറിയിച്ചു. പൊതു തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അടിയന്തരമായി കേസ് പരിഗണിക്കണമെന്ന ഉത്തർപ്രദേശിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമെഹ്‌തയുടെ ആവശ്യം തള്ളിയ കോടതി തങ്ങളുടേതായ മുൻഗണനാ ക്രമങ്ങളുണ്ടെന്ന് മറുപടി നൽകി. കേസ് ജനുവരിയിൽ പരിഗണിക്കുമെന്നാണ് കോടതി ആദ്യം പറഞ്ഞത്. അഭിഭാഷകർ തിയതി ചോദിച്ചപ്പോൾ ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് മാസത്തിലേക്ക് നീങ്ങാനും സാദ്ധ്യതയുണ്ടെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്‌റ്റിസിനൊപ്പം ജസ്‌റ്റിസുമാരായ കെ.എം. ജോസഫ്, സഞ്ജീവ് കെ. കൗൾ എന്നിവടങ്ങിയ ബെഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്. വിരമിച്ച ചീഫ് ജസ്‌റ്റിസ് ദീപക്മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് കേസ് വിശാല ബെഞ്ചിനു വിടേണ്ടെന്ന് ഉത്തരവിട്ടിരുന്നു. മുസ്ളീം ആരാധനയ്‌ക്ക് പള്ളി നിർബന്ധമില്ലെന്ന് കണ്ടെത്തിയ 1994ലെ ഇസ്‌മായിൽ ഫാറൂഖി കേസ് വിധിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി പുന: പരിശോധിക്കാൻ വിശാല ബെഞ്ചിനു വിടണമെന്ന സുന്നി വഖഫ് ബോർഡിന്റെ ആവശ്യമാണ് കോടതി തള്ളിയത്. തുടർന്നാണ് പുതിയ ചീഫ് ജസ്‌റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിനു മുന്നിൽ കേസ് വന്നത്.