ന്യൂഡൽഹി: ബീമാ-കൊരേഗാവ് അക്രമവുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം നൽകാനാകില്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പൂനെ പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് അന്വേഷണം വൈകിപ്പിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് മൂന്നുമാസം അധികമായി അനുവദിച്ച പൂനെ സെഷൻസ് കോടതി നടപടിക്കെതിരെ ഒക്‌ടോബർ 24ന് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവാണ് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്‌റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് റദ്ദാക്കിയത്. പത്തു ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാകുമെന്ന് മഹാരാഷ്‌ട്രാ സർക്കാരിന് വേണ്ടി ഹാജരായ മുൻ അറ്റോണി ജനറൽ മുകുൾ റോഹ്‌തഗി അറിയിച്ചു. പ്രതികൾക്കെതിരെ യു.എ.പി.എ പ്രകാരമാണ് കേസെടുത്തത്.
അതേസമയം അനുബന്ധ കേസിൽ പ്രതിയായ ഗൗതം നഖ്‌വാലയെ മോചിപ്പിച്ച ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് മഹാരാഷ്‌ട്ര സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി കോടതി നോട്ടീസ് അയയ്‌ക്കാൻ ഉത്തരവിട്ടു. സുപ്രീംകോടതിയിൽ കേസ് നിലവിലിരിക്കെ നഖ്‌വാല ഡൽഹി ഹൈക്കോടതിയെ സമീപിച്ചത് ശരിയായില്ലെന്ന് സംസ്ഥാന സർക്കാർ വാദിച്ചു.