ന്യൂഡൽഹി: സി.ബി.ഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരെ മൊഴി നൽകിയ വ്യവസായി സതീഷ് സനയ്ക്ക് സുരക്ഷ നൽകാൻ ഹൈദരാബാദ് പൊലീസിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. അതേസമയം ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിച്ച സി.ബി.ഐയുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്നും മൊഴി രേഖപ്പെടുത്തേണ്ടത് റിട്ട. ജഡ്ജി എ.കെ. പട്നായിക്കിന്റെ സാന്നിദ്ധ്യത്തിലാകണമെന്നുമുള്ള സനയുടെ ആവശ്യങ്ങൾ കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ യു.യു. ലളിത്, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.
തനിക്ക് ഭീഷണിയുണ്ടെന്നും മൊഴിമാറ്റാൻ പ്രേരിപ്പിക്കാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടി സന തിങ്കളാഴ്ചയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഇറച്ചി വ്യാപാരിയായ മോയിൻ ഖുറേഷിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഉൾപ്പെടാതിരിക്കാൻ രാകേഷ് അസ്താനയ്ക്ക് രണ്ടു കോടി രൂപ കൈക്കൂലി നൽകിയെന്ന് സതീഷ് സന മജിസ്ട്രേട്ട് കോടതിയിൽ നൽകിയ മൊഴിയുടെയും സി.ബി.ഐക്ക് നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് രാകേഷ് അസ്താനയ്ക്കെതിരെ സി.ബി.ഐ കേസെടുത്തത്. ഇടനിലക്കാരൻ സതീഷ് ബാബു സന ഹൈദരാബാദിൽ രാഷ്‌ട്രീയ ബന്ധങ്ങളുള്ള വ്യവസായിയാണ്. ഇലക്‌ട്രിക് എൻജിനിയറിംഗ് ഡിപ്ളോമക്കാരനായ ഇയാൾ വൈദ്യുതി ബോർഡിൽ സാധാരണ ജീവനക്കാരനായിരുന്നു. പിന്നീട് ജോലി രാജിവച്ച് നിരവധി വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയായി. ബിനാമി ഇടപാടുകളുള്ള ഇയാൾക്ക് കോൺഗ്രസ്, ടി.ഡി.പി, വൈ.എസ്.ആർ കോൺഗ്രസ് നേതാക്കളുമായി അടുത്തബന്ധമുണ്ട്. സ്‌പോർട്‌സ് അസോസിയേഷനുകളിലെ ഭാരവാഹിയുമാണ്. മൊയിൻ ഖുറേഷിയുമായി അടുപ്പമുള്ള സന നേരത്തേ തന്നെ സി.ബി.ഐയുടെയും എൻഫോഴ്‌സ്‌മെന്റിന്റെയും നോട്ടപ്പുള്ളിയായിരുന്നു. സനയിൽ നിന്ന് സി.ബി.ഐ ഡയറക്ടർ അലോക് വർമ്മ രണ്ടു കോടി കൈക്കൂലി വാങ്ങിയെന്ന് രാകേഷ് അസ്താനയും ആരോപിച്ചിരുന്നു. ഈ ആരോപണം കേന്ദ്രവിജിലൻസ് കമ്മിഷൻ അന്വേഷിക്കുകയാണ്.
സ്ഥലംമാറ്റത്തിനെതിരെ എ.കെ. ബസിയുടെ ഹർജി
സ്ഥലംമാറ്റിയത് ചോദ്യം ചെയ്ത് രാകേഷ് അസ്താനയ്ക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ചിരുന്ന സി.ബി.ഐ ഓഫീസർ എ.കെ. ബസി സുപ്രീംകോടതിയിൽ ഹർജി നൽകി. നിർണായക അന്വേഷണത്തിനിടെ തന്നെ പോർട്ട് ബ്ലെയറിലേക്ക് സ്ഥലം മാറ്റിയത് റദ്ദാക്കണം. ഫോൺരേഖകൾ, വാട്സ് ആപ്പ് മെസേജുകൾ തുടങ്ങിയ തെളിവുകൾ അസ്താനയ്ക്കെതിരെ ലഭിച്ചിരുന്നു. തുടരന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകണമെന്നും ബസി കോടതിയിൽ ആവശ്യപ്പെട്ടു. ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
സി.ബി.ഐ ഡയറക്ടർ അലോക് വർമ്മയും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ തുടർന്ന് ഇരുവരെയും നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചുമതലയേറ്റ ഇടക്കാല ഡയറക്ടർ എം. നാഗേശ്വരറാവു എ.കെ. ബസി ഉൾപ്പെടെ 13 പേരെ സ്ഥലംമാറ്റുകയായിരുന്നു.