fire-crackers

ന്യൂഡൽഹി: ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനുള്ള സമയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി ഇളവ് നൽകി. പടക്കം പൊട്ടിക്കുന്ന സമയം സംസ്ഥാനങ്ങൾക്ക് പ്രാദേശികാചാരങ്ങൾക്കനുസരിച്ച് തീരുമാനിക്കാം. പക്ഷേ, ഒരു ദിവസം രണ്ടു മണിക്കൂർ മാത്രമേ പൊട്ടിക്കാവൂവെന്ന നിർദ്ദേശത്തിൽ മാറ്റമില്ലെന്നും ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവർ വ്യക്തമാക്കി.

രാജ്യത്ത് പടക്കങ്ങൾ നിരോധിക്കണമെന്ന ആവശ്യം തള്ളിയാണ് ഒക്ടോബർ 23ന് സുപ്രീംകോടതി, നിർമ്മാണത്തിനും വില്പനയ്ക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. ദീപാവലി അടക്കമുള്ള മതാഘോഷങ്ങളിൽ രാത്രി 8 മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ 12.30 വരെ മാത്രമേ പൊട്ടിക്കാവൂവെന്നുമായിരുന്നു നിർദ്ദേശം.


ഇതിനെതിരെ തമിഴ്നാട് സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. തമിഴ്നാട്ടിലെ പ്രാദേശികാചാരമനുസരിച്ച് പുലർച്ചെ 4.30 മുതൽ 6.30വരെ പൊട്ടിക്കുന്നതിന് അനുമതി നൽകണമെന്നായിരുന്നു ആവശ്യം. ഇത് പരിഗണിച്ചാണ് ഇളവ് നൽകിയത്.


വൻശബ്ദവും മലിനീകരണവുമുണ്ടാക്കുന്ന പടക്കങ്ങൾ വിലക്കിയത് രാജ്യവ്യാപകമായല്ലെന്നും ഡൽഹിക്ക് മാത്രമാണെന്നും കോടതി വ്യക്തമാക്കി. ദീപാവലിക്ക് മുൻപ് ഇത്തരം പടക്കങ്ങളുണ്ടാക്കുക പ്രയാസമാണെന്ന് നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി വ്യക്തത വരുത്തിയത്.