ന്യൂഡൽഹി: പ്രേക്ഷകർക്ക് മിതമായ നിരക്കിൽ ഇഷ്‌ടമുള്ള ചാനലുകൾ തിരഞ്ഞെടുത്ത് കാണാൻ അവസരമൊരുക്കിയ ടെലികോം റെഗുലേറ്ററി അതോറിട്ടിയുടെ(ട്രായ്) ഉത്തരവ് ശരിവച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ ഡി.ടി.എച്ച്, കേബിൾ ടിവി കമ്പനികൾ നൽകിയ അപ്പീൽ ജസ്‌റ്റിസുമാരായ ആർ.എഫ്. നരിമാനും നവിൻ സിൻഹയും അടങ്ങിയ സുപ്രീംകോടതി ബെഞ്ച് തള്ളി. ഇതോടെ ചാനൽ ഉടമകളിൽ നിന്ന് കോടികൾ വാങ്ങുന്ന കേബിൾ ടിവി കമ്പനികൾ പ്രേക്ഷകന്റെ താത്പര്യം നോക്കാതെ ചാനൽ പാക്കേജ് നിശ്‌ചയിക്കുന്ന രീതിക്ക് അവസാനമാകും. വ്യത്യസ്‌ത വിതരണ ശൃംഖലകളിൽ ടെലിവിഷൻ ചാനലുകളിൽ നിന്ന് പല നിരക്ക് ഈടാക്കാനുമാകില്ല. ബൊക്കെയായി നൽകുന്ന ചാനലുകളുടെ പരമാവധി നിരക്ക് 19 രൂപയിൽ കൂടാൻ പാടില്ലെന്നും ഒരു വിഭാഗം ചാനലുകൾ ബൊക്കെ ആയി നൽകുമ്പോൾ ആകെ വിലയുടെ നിശ്‌ചിത ശതമാനത്തിൽ കൂടാനും കുറയാനും പാടില്ലെന്നും ട്രായി നിഷ്‌കർഷിച്ചിരുന്നു
കേബിൾ ടിവി നിരക്കുകളും ചാനൽ നിരക്കുകളും സംബന്ധിച്ച് ട്രായ് ഇറക്കിയ ഉത്തരവിനെതിരെ സ്‌റ്റാർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡും മറ്റും നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. കേബിൾ ടിവിയിലൂടെ വിതരണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ ട്രായിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. നിയന്ത്രണം പകർപ്പവകാശത്തിന്റെ ലംഘനമാണെന്നും ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ പി. ചിദംബരവും എ.കെ. സിംഗ്‌വിയും വാദിച്ചത് സുപ്രീംകോടതി തള്ളി. പ്രേക്ഷകന്റെയും സേവന ദാതാക്കളുടെയും താത്‌പര്യം സംരക്ഷിക്കുന്ന നിരീക്ഷക ഏജൻസിയായി പ്രവർത്തിക്കാൻ ട്രായിക്ക് അധികാരമുണ്ടെന്ന് കോടതി കണ്ടെത്തി. മേഖലയിൽ മത്സരം വർദ്ധിപ്പിക്കാനും ഗുണനിലവാരം ഉറപ്പുവരുത്താനും ട്രായി ശ്രമിക്കുന്നു. ചാനൽ ഉടമകൾ, വൻകിട വിതരണക്കാർ, കേബിൾ ടിവി ഒാപ്പറേറ്റമാർ എന്നിവരിലൂടെ ഉപഭോക്താവ് വരെ നീളുന്ന കണക്‌ടിവിറ്റിയിൽ നിയമം ഉറപ്പാക്കണം. താത്‌പര്യമില്ലാത്ത ചാനലുകൾ കാണാൻ പ്രേക്ഷകൻ നിർബന്ധിതരാകുന്നതും വിതരണക്കാർ അമിത നിരക്ക് ഈടാക്കുന്നതും തടയേണ്ടതുണ്ട്. ട്രായി ഏർപ്പെടുത്തുന്ന നിയന്ത്രണം പകർപ്പവകാശ നിയന്ത്രണത്തിന്റെ പരിധിയിൽ വരില്ലെന്നും വിധിന്യായത്തിൽ പറയുന്നു. ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചർച്ച നടത്തിയ ശേഷമാണ് ട്രായ് ഉത്തരവ് പുറത്തിറക്കിയതെന്നും അതിൽ തെറ്റു കാണേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.
.