train

ന്യൂഡൽഹി: രാജധാനി, ശതാബ്‌ദി, തുരന്തോ പ്രീമിയം ട്രെയിനുകളിൽ ഏർപ്പെടുത്തിയ ഫ്ളെക്‌സി നിരക്കുകൾ ഭാഗികമായി പിൻവലിക്കാൻ റെയിൽവേ തീരുമാനിച്ചു. 50 ശതമാനത്തിൽ കൂടുതൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന 15 ട്രെയിനുകളിൽ ഫ്ളെക്‌സി നിരക്കുകൾ പൂർണമായി ഒഴിവാക്കും. എറണാകുളം-ലോകമാന്യ തിലക് തുരന്തോ അടക്കം 32 ട്രെയിനുകളിൽ ഫെബ്രുവരി, മാർച്ച്, ആഗസ്‌റ്റ് എന്നിവ ഒഴികെ തിരക്കുള്ള സീസണിൽ മാത്രമാകും ഫ്ലെക്‌സി നിരക്കുകൾ ബാധകമാകുക. 101 ട്രെയിനുകളിൽ ഫ്ലെക്‌സി നിരക്ക്‌ യഥാർത്ഥ ടിക്കറ്റ് നിരക്കിന്റെ 1.4 ശതമാനമായി നിജപ്പെടുത്താനും തീരുമാനിച്ചു. നിലവിൽ ടിക്കറ്റിന്റെ 1.5 ശതമാനമാണ്.

ഫ്ളെക്‌സി നിരക്കുകൾ നിലനിറുത്തിയ ട്രെയിനുകളിൽ അവസാന നിമിഷം ടിക്കറ്റ് നിരക്കിൽ കിഴിവു നൽകാനും തീരുമാനമുണ്ട്. 60, 70 ശതമാനം സീറ്റുകൾ ഒഴിവുണ്ടെങ്കിൽ 20 ശതമാനവും 70, 80 ശതമാനം സീറ്റുകൾ ബാക്കിയാണെങ്കിൽ 10 ശതമാനവും കിഴിവ് ലഭിക്കും. ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി വിജയമെന്നു കണ്ടാൽ തുടരും.

യാത്രക്കാർക്കുള്ള ദീപാവലി സമ്മാനമായാണ് തീരുമാനമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. പരാതികളും കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ, റെയിൽവേ കമ്മിറ്റി എന്നിവയുടെ ശുപാർശയും പരിഗണിച്ചാണ് തീരുമാനം. 2016 മുതലാണ് റെയിൽവേ ഫ്ലെക്‌സി നിരക്ക് സമ്പ്രദായം തുടങ്ങിയത്.