ന്യൂഡൽഹി: പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ സന്ദേശങ്ങൾ അയയ്‌ക്കുന്നവരുടെ സ്ഥലവും തിരിച്ചറിയൽ വിവരങ്ങളും നൽകാൻ സഹകരിക്കണമെന്ന് കേന്ദ്ര സർക്കാർ വാട്ട്‌സ്ആപ്പിന് നിർദ്ദേശം നൽകി. എല്ലാ സന്ദേശങ്ങളും സുരക്ഷാ പരിശോധനയ്‌ക്കായി ഡിസ്‌ക്രിപ്‌റ്റ് ചെയ്യുന്നതിന് പകരം ആക്രമണങ്ങൾക്കും ഗുരുതര കുറ്റകൃത്യങ്ങൾക്കും ഇടയാക്കുന്ന സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തിയാൽ മതിയെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. വാട്ട്‌സ്ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേൽസുമായുള്ള കൂടിക്കാഴ്‌ചയിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്‌തെന്ന് കേന്ദ്ര നിയമ, ഐടി മന്ത്രി രവി ശങ്കർ പ്രസാദ് അറിയിച്ചു. വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ സൃഷ്‌ടിക്കുന്ന സുരക്ഷാപ്രശ്‌നങ്ങൾ പൊതുവിൽ ചർച്ചയായി. വാട്ട്‌സ്ആപ്പ് പ്രതിനിധികൾ എല്ലാരീതിയിലും സഹകരണം ഉറപ്പു നൽകി. വാട്ട്‌സ്ആപ്പ് ഇന്ത്യയ്‌ക്കായി ഗ്രീവൻസ് ഒാഫീസറെ നിയമിച്ചതിനെ കേന്ദ്രസർക്കാർ സ്വാഗതം ചെയ്‌തു. തിരഞ്ഞെടുപ്പിലും മറ്റും നല്ല സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ വാട്ട്‌സ്ആപ്പ് പ്രയോജനകരമാണെന്ന് മന്ത്രി വിലയിരുത്തി. നല്ല സംവിധാനം ദുരുപയോഗപ്പെടുത്തുന്നത് തടയുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.