hashimpura

പ്രതികളെ വെറുതേവിട്ട വിചാരണക്കോടതി വിധി റദ്ദാക്കി

ന്യൂഡൽഹി: ഹാഷിംപുര കസ്റ്റഡി കൂട്ടക്കൊലക്കേസിൽ ഉത്തർപ്രദേശിലെ സായുധസേനാവിഭാഗമായ പ്രൊവിൻഷൽ ആംഡ് കോൺസ്റ്റബുലറി (പി.എ.സി)യിലെ അംഗങ്ങളായിരുന്ന 16 പേർക്ക് ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

1987ൽ മീററ്റിനടുത്ത് ഹാഷിംപുരയിൽ 42 മുസ്ളിം യുവാക്കളെ കസ്റ്റഡിയിലെടുത്ത് വെടിവച്ചു കൊന്ന കേസിൽ മുഴുവൻ പ്രതികളെയും വെറുതേവിട്ട വിചാരണക്കോടതി വിധി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ എസ്. മുരളീധർ, വിനോദ് ഗോയൽ എന്നിവരുടെ വിധി. ഉത്തർപ്രദേശ് സർക്കാർ, മനുഷ്യാവകാശ കമ്മിഷൻ, കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട സുൽഫിക്കർ നാസർ എന്നിവരാണ് അപ്പീൽ നൽകിയത്. നിരായുധരായ ആളുകളെ ആസൂത്രിതമായി നിർദ്ദയം വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് കണ്ടെത്തിയാണ് 31 വർഷം പഴക്കമുള്ള കേസിൽ കോടതി വിധി പ്രസ്താവിച്ചത്.

പ്രതികളെല്ലാം സർവീസിൽ നിന്ന് വിരമിച്ചവരാണ്. ഇവർ നവംബർ 19ന് മുൻപ് കീഴടങ്ങണം. സേനാംഗങ്ങളായിരുന്ന സുരേഷ് ചന്ദ് ശർമ, നിരഞ്ജൻ ലാൽ, കമൽ സിംഗ്, ബുദ്ധിസിംഗ്, ബസന്ത് ഭല്ലഭ്, കുൻവാർ പാൽ സിംഗ്, ബുദ്ധ സിംഗ്, രൺബീർ സിംഗ്, ലീലാ ധർ, ഹംബീർ സിംഗ്, സൊക്കം സിംഗ്, ശമി ഹുലാഹ, സരവൺ കുമാർ, ജൈപാൽ സിങ്, മഹേഷ് പ്രസാദ്, രാംധയാൻ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

ഈ കേസിൽ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജി കോടതിയുടെ പരിഗണനയിലുണ്ട്.

വെടിവച്ച് കനാലിൽ തള്ളി

രാജ്യത്തെ ഭീകരമായ കസ്റ്റഡി കൂട്ടക്കൊലയെന്ന നിലയിൽ കുപ്രസിദ്ധമായ സംഭവം 1987 മേയ് 22നാണ് നടന്നത്. മീററ്റിൽ വർഗീയ സംഘർഷത്തിനിടെ കസ്റ്റഡിയിലെടുത്ത 50 യുവാക്കളെ ട്രക്കിൽ കയറ്റി മകൻപൂർ ഗ്രാമത്തിൽ കൊണ്ടുപോയി വെടിവച്ച് കനാലിൽ തള്ളുകയായിരുന്നു. രക്ഷപ്പെട്ട സുൽഫിക്കർ അലിയാണ് ‌ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകത്തെ അറിയിച്ചത്. സി.ബി.സി.ഐ.ഡി അന്വേഷിച്ച കേസിൽ 19 പേർക്കെതിരെ കുറ്റം ചുമത്തി. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് 2002ൽ കേസ് ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലെ തീസ് ഹസാരി കോടതിയിലേക്കു മാറ്റി. തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി 2015 മാർച്ച് 21ന് കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതേവിട്ടു. വിചാരണയ്ക്കിടെ മൂന്നുപേർ മരിച്ചു.