vijay
പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട അയൽവാസിയെ രക്ഷിച്ച വിജയ് എം. ജയകുമാറിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അവാർഡ് സമ്മാനിക്കുന്നു. പ്രീതി നടേശൻ, കെ.കെ. കർണൻ, അഡ്വ. ആർ. അജന്തകുമാർ, കെ.എൻ. സുകുമാരൻ തുടങ്ങിയവർ സമീപം

 

കുറുപ്പുംപടി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ ഉത്തരവ് നിരാശാജനകമാണെങ്കിലും അംഗീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയനിലെ 921-ാം നമ്പർ വായ്ക്കര ശാഖയുടെ പുനർനിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഭാരതീയരെന്ന നിലയിൽ ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുന്ന എല്ലാവരും ഉത്തരവ് അംഗികരിക്കണം. കാനോൻ നിയമമല്ല നമ്മൾ പിന്തുടരുന്നതെന്നതിനാൽ ഉത്തരവിനെ സ്വീകരിക്കാതിരിക്കാൻ കഴിയില്ല. കോടതി ഉത്തരവിട്ടെന്ന പേരിൽ കേരളത്തിലെ വിശ്വാസികളായ സ്ത്രീകളാരും ശബരിമലയിലേക്ക് പോകുമെന്ന് കരുതുന്നില്ല. അവരോട് ആരും ഇക്കാര്യം പറഞ്ഞുകൊടുക്കേണ്ട കാര്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കുന്നത്തുനാട് യൂണിയൻ പ്രസിഡന്റ് കെ.കെ.കർണൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം പ്രകാശനം നിർവഹിച്ചു.യൂണിയൻ സെക്രട്ടറി അഡ്വ. ആർ.അജന്തകുമാർ, എസ്.എൻ.ഡി.പി യോഗം ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.കെ.കുട്ടപ്പൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.എൻ.സുകുമാരൻ, ഡയറക്ടർ ബോർഡ് അംഗം കെ.എൻ.ഗോപാലകൃഷ്ണൻ, സെക്രട്ടറി ഇ.ഡി. ഷിബു, വാർഡ് മെമ്പർ ബേയ്സ് പോൾ എന്നിവർ സംസാരിച്ചു.

 

വിജയിന്റെ ധീരതയ്ക്ക് വെള്ളാപ്പള്ളിയുടെ സമ്മാനം

പ്രളയത്തിൽ തോട്ടിലെ കുത്തൊഴുക്കിൽപ്പെട്ട അയൽവാസിയായ മദ്ധ്യവയസ്കനെ സാഹസികമായി  രക്ഷിച്ച വിദ്യാർത്ഥിക്ക് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ 25,000 രൂപയുടെ അപ്രതീക്ഷിത സമ്മാനം.

എസ്.എൻ.ഡി.പി യോഗം പയ്യാൽ ശാഖാംഗമായ വിജയ്.എം. ജയകുമാറിനാണ് സമ്മാനം ലഭിച്ചത്. കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് വിജയ്.

വിജയിനെ വായ്ക്കര ശാഖാ മന്ദിരം ഉദ്ഘാടന ചടങ്ങിൽ ധീരതയ്ക്കുള്ള അവാർഡ് നൽകി അനുമോദിച്ചു. കുടുംബത്തെ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ അച്ഛൻ മരിച്ചുപോയെന്നറിഞ്ഞാണ്  ജനറൽ സെക്രട്ടറി 25,000 രൂപ സമ്മാനം പ്രഖ്യാപിച്ചത്. കുന്നത്തുനാട് യൂണിയൻ പ്രസിഡന്റ് കെ.കെ. കർണനും 10,000 രൂപ നൽകുമെന്ന് പറഞ്ഞു.