hanan

കൊച്ചി: നട്ടെല്ലിൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കേണ്ട സമയത്തും തോൽക്കാൻ ഹനാൻ തയ്യാറല്ല.  തന്റെ സ്വപ്നമായ തമ്മനത്തെ മീൻ കടയിലേക്ക് അവൾ വന്നു. ആ യാത്ര, പക്ഷേ,   ഇലക്ട്രിക് വീൽചെയറിലായിരുന്നു. അവൾക്കായി    പുതിയ കടയുടെ പണി നടക്കുകയാണ്. പഴയ പ്രസരിപ്പോടെ അവൾ ജോലിക്കാർക്ക്  നിർദേശങ്ങൾ നൽകുകയും തമാശകൾ പങ്കുവയ്ക്കുകയും ചെയ്തു.   ചെറിയ അശ്രദ്ധപോലും ആപത്താവുന്ന അവസ്ഥയിലാണ്  ശരീരം. എന്നിട്ടും  പഴയതുപോലെ അദ്ധ്വാനിച്ച് ജീവിക്കാനുള്ള ദൃഢനിശ്ചയത്തിൽ മാറ്റമില്ല. വീൽ ചെയറിലിരിക്കുമ്പോഴും  അവളുടെ സ്വപ്നങ്ങൾ  പാറിനടക്കുകയാണ്.

ഒറ്റരാത്രി ഇരുട്ടി വെളുത്തപ്പോൾ സോഷ്യൽമീഡിയയിലൂടെ താരമായതാണ് ഹനാൻ. കോളേജ് വേഷത്തിൽ മീൻ വിൽക്കാൻ നിൽക്കുന്ന ഹനാനെ ക്ഷണം മലയാളികൾ ഏറ്റെടുത്തു. തൊട്ടുപിന്നാലെ വിവാദങ്ങളുടെ പ്രളയം. മനംമടുക്കാതെ തന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തി ജീവിതം കലങ്ങിത്തെളിഞ്ഞെന്ന് കരുതിയ നാളിലാണ് കാർ അപകടത്തിൽ പരിക്കേറ്റത്.

നട്ടെല്ലിൽ രണ്ട് സ്റ്റീൽ കമ്പികൾ.  അസ്ഥി നുറുങ്ങുന്ന വേദന കടിച്ചമർത്തിയാണ് ദിവസവും കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നത്. കിടക്കയിലും വീൽചെയറിലുമാണ്  ജീവിതം. ഈ അവസ്ഥയിൽ ഒറ്റയ്ക്ക് എങ്ങനെ എന്ന ഡോക്ട‌ർമാരുടെ സംശയത്തിന് "സാധിക്കും" എന്നായിരുന്നു  ഹനാന്റെ ഉറച്ച പ്രതികരണം.

വൈറ്റിലയിൽ വാടക ഫ്ളാറ്റിലാണ് ഇപ്പോൾ താമസം. അടുത്ത ഫ്ളാറ്റുകളിൽ പണിക്കെത്തുന്ന സ്ത്രീ  ചോറു വച്ചു നൽകും. വാച്ച്മാൻ കറികൾ വാങ്ങി നൽകും. മിക്കസമയവും  കിടക്കയിൽ.  മുടങ്ങിപ്പോയ ഓടക്കുഴൽ വായന ആ കിടപ്പിൽ പഠിച്ചെടുത്തു. കൂട്ടുകാർ വാങ്ങി നൽകിയ കീ ബോർഡിൽ വിരലോടിച്ചു.  പങ്കെടുക്കേണ്ട പരിപാടിയിൽ പാടാനുള്ള പാട്ട് പ്രാക്ടീസ് ചെയ്തു.  ഒത്തിരി കൊതിച്ച ഫോട്ടോഷൂട്ടും കഴിഞ്ഞ  ദിവസം  നടത്തി. പുറത്തേക്കിറങ്ങാനാകുമെന്ന ഘട്ടത്തിലാണ്  കടയിലേക്ക് എത്തിയത്. ഇനി,  അഭിനയിക്കാമെന്ന് ഉറപ്പുകൊടുത്ത സിനിമയുടെ ഓഡിഷൻ കേന്ദ്രത്തിലേക്ക്. പണ്ടും സഹായിയായി കൂടെയുണ്ടായിരുന്ന ഓട്ടോക്കാരൻ ഷാജി തന്നെയാണ് ഹനാന്റെ സാരഥി.

തന്നെ സ്നേഹിക്കുന്നവർക്കായി ഒരുപാട് സർപ്രൈസുകൾ മനസ്സിൽ കരുതിവച്ചിട്ടുണ്ട് ഹനാൻ.  വീട്ടിലിരുന്നു ജോലിയെടുക്കാൻ ആഗ്രഹിക്കുന്ന കൂട്ടുകാരികൾക്കായി ചിത്രങ്ങൾ വിൽക്കാൻ സഹായിക്കുന്ന വെബ്സൈറ്റ് ഒരുക്കുകയാണ്. തന്നെപ്പോലെ ചെറുപ്രായത്തിൽ ഒറ്റപ്പെട്ടു പോയ കുട്ടികളെ കൂടെകൂട്ടണം. കായിക രംഗത്ത് അനിയന് നല്ലൊരു ഭാവിയൊരുക്കാൻ താങ്ങാവണം. സന്തോഷവും സങ്കടവും പങ്കിടാൻ ഒരു തുണവേണം.അതെ, ഹനാൻ പഴയ ഹനാൻ തന്നെയാണ്.