മൂവാറ്റുപുഴ: ഒഡീഷാ സ്വദേശിയായ ആറുവയസുകാരൻ സുബ്രത് തറയിൽ അക്ഷരവെളിച്ചത്തിലേക്ക്. സുബ്രതിന്റെ മാതാപിതാക്കളായ വിക്രമും സുഭദ്രയയും പായിപ്രയിലെ പ്ലൈവുഡ് കമ്പനിയിൽ ജോലിക്കെത്തിയിട്ട് നാലുവർഷത്തോളമായി. വിദ്യാലയമുറ്റം പോലും കാണാത്ത ഇരുവരും ഏക മകനെ പഠിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. ഇവരുടെ ജീവിതരീതിയെക്കുറിച്ച് പഠിച്ച എം.പി. രാജനും സാമൂഹ്യപ്രവർത്തകനായ കെ.ബി. ചന്ദ്രശേഖരനും കൂടി വിക്രമിനേയും സുഭദ്രയേയും കണ്ട് കുട്ടിയുടെ വിദ്യാഭ്യസ കാര്യങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. മലയാളം ശരിക്കും അറിയാത്ത ഇവർ കുട്ടിയെ സ്‌കൂളിൽ അയക്കുന്നതിനുള്ള വരുമാനം ഇല്ലെന്ന് പറഞ്ഞൊഴിയുകയായിരുന്നു. പായിപ്രയിൽ പ്രവർത്തിക്കുന്ന എ.എം.ഇബ്രാഹിം സാഹിബ് പബ്ലിക് ലൈബ്രറി ഭാരവാഹികളുൾപ്പെടെ ഗ്രന്ഥശാലാ പ്രവർത്തകർ വീണ്ടും സുബ്രതിന്റെ വീട്ടിലെത്തി തൊഴിലാളികളുടെ വീട്ടിലെത്തി മകനെ സ്കൂളിൽ അയക്കേണ്ടതിന്റെ ആവശ്യം ബോദ്ധ്യപ്പെടുത്തി. തുടർന്ന് കുട്ടിയെ സ്‌കൂളിൽ അയക്കുവാൻ ഇവർ സമ്മതിച്ചു. ഇരുവരും ലൈബ്രറി ഭാരവാഹികളോടൊപ്പം പേഴ്ക്കാപ്പിള്ളി ഗവ. ഹൈസ്‌കൂളിലെത്തി പ്രധാന അദ്ധ്യാപികയായ സി.എൻ. കുഞ്ഞുമോളുമായി സംസാരിച്ച് സുബ്രതിനെ സ്‌ക്കൂളിൽ ചേർത്തു. സുബ്രതിന്റെ പഠനത്തിനാവശ്യമായ യൂണിഫോം ഉൾപ്പടെയുള്ള പഠന സാമഗ്രികൾ ഗ്രന്ഥശാല വഴി നൽകുവാനും തീരുമാനിച്ചു.
ഗാന്ധിജയന്തി വാരത്തിൽ തന്നെ ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടിക്ക് അക്ഷര വെളിച്ചം നൽകുവാനായി അനുവദിച്ചവരെ ആദരിക്കുന്നതിനും യൂണിഫോമും , പഠനകിറ്റും നൽകുന്നതിനുമായി ലൈബ്രറിഹാളിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. ശ്രീധരൻ സ്വാഗതം പറഞ്ഞു. സുബ്രതിന്റെ മാതാപിതാക്കളെ ചടങ്ങിൽ ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ.ഉണ്ണി, കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ, കെ.ബി. ചന്ദ്രശേഖരൻ, പി.എ. ബിജു, എം.പി. രാജൻ എന്നിവർ സംസാരിച്ചു.