പള്ളുരുത്തി: ഇടക്കൊച്ചി ഹോമിയോ ഡിസ്പെൻസറിക്കു സമീപം പ്രവർത്തിക്കുന്ന മൂന്നാം നമ്പർ അംഗൻവാടി പ്രവർത്തനം തുടങ്ങി. ഒരുവർഷം പിന്നിടുമ്പോഴും ഇതുവരെ കുടിവെള്ളമെത്തിയിട്ടില്ല. ശൗചാലയവുമില്ല. ടീച്ചറിന്റെയും ആയയുടെയും കഷ്ടപ്പാട് തുടരുകയാണ്. ദേശീയപാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന അംഗൻവാടിക്ക് ചുറ്റുമതിലുമില്ല.
2017ൽ മേയർ സൗമിനി ജെയിനാണ് കെട്ടിടം അംഗൻവാടിക്കായി തുറന്നു കൊടുത്തത്. ശൗചാലയമില്ലാത്ത വിവരം അന്നുതന്നെ മേയറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന്റെ ജോലികൾ തീർക്കുമെന്ന് മേയർ നൽകിയ ഉറപ്പ് വെള്ളത്തിൽ വരച്ചവരയായി മാറി. പണം മുഴുവനും കിട്ടിയതിനെ തുടർന്ന് കരാറുകാരനും സ്ഥലം വിട്ടു.
ശൗചാലയത്തിന്റെ മുറി മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇതിൽ ക്ലോസറ്റോ പൈപ്പുകളോ ഒന്നും തന്നെ പിടിപ്പിച്ചിട്ടില്ല. എന്നാൽ കെട്ടിടത്തിന്റെ മുകളിൽ മേൽക്കൂര ഷീറ്റ് വിരിക്കുന്ന ജോലികൾ നടന്നുവരുന്നുണ്ട്.13 കുരുന്നുകളാണ് ഇവിടെ പഠിക്കുന്നത്.
കൗൺസിലർ ഇടപെടണം
പ്രശ്നം പരിഹരിക്കാൻ ഡിവിഷൻ കൗൺസിലർ ഇടപെട്ട് അടിയന്തര പരിഹാരം കാണണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. അല്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നാണ് മുന്നറിയിപ്പ്. കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കാൻ സമീപത്തെ വീടുകളിൽ നിന്നാണ് ഇപ്പോൾ കുടിവെള്ളം ശേഖരിക്കുന്നത്.