bjp

 

 

കൊച്ചി: പന്തളത്തു നിന്ന് സെക്രട്ടേറിയറ്റിലേക്ക് ശബരിമല സംരക്ഷണയാത്ര സംഘടിപ്പിക്കാൻ ബി.ജെ.പി സംസ്ഥാന കോർകമ്മിറ്റി യോഗം തീരുമാനിച്ചു. എൻ.ഡി.എയുടെആഭിമുഖ്യത്തിൽ 10ന് ആരംഭിക്കുന്ന യാത്ര 15ന് തിരുവനന്തപുരത്ത് ലോംഗ് മാർച്ചോടെ സമാപിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്  പി.എസ്. ശ്രീധരൻപിള്ള യാത്ര നയിക്കും.

സുപ്രീംകോടതി ഉത്തരവിന്റെ പേരിൽ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നതായി ആരോപിച്ചാണ് മാർച്ച്. തെക്കൻ ജില്ലകളിൽ പര്യടനം നടത്തിയാണ് കാൽനടയാത്ര സമാപിക്കുക. ബി.ജെ.പി, ബി.ഡി.ജെ.എസ് തുടങ്ങി എൻ.ഡി.എ കക്ഷികളിലെ പ്രവർത്തകർ അണിനിരക്കും. കോട്ടയം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ ജില്ലാതല  മാർച്ചുകളും സംഘടിപ്പിക്കും.

മാസപൂജയ്ക്ക് ശബരിമല നട തുറക്കുന്ന 17ന് മഹിളാമോർച്ച പ്രവർത്തകർ അയ്യപ്പന്റെ പൂങ്കാവനപ്രദേശങ്ങളിൽ ഉപവാസ പ്രാർത്ഥനായജ്ഞം നടത്തും. തന്ത്രിമാർ, സന്യാസിശ്രേഷ്ഠർ, പൈതൃകകുടുംബം എന്നിവരുമായി ചർച്ച നടത്തി വിശ്വാസ സംരക്ഷണത്തിന് യുക്തമായ നടപടി സ്വീകരിക്കണം. വിശ്വാസം സർക്കാർ സംരക്ഷിച്ചില്ലെങ്കിൽ 17നു ശേഷം സമരപരിപാടികൾ തീരുമാനിക്കുമെന്ന് പി.എസ്. ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുപ്രീംകോടതി ഉത്തരവിനെതിരെ ക്ഷേത്രസംരക്ഷണ സമിതി, അയ്യപ്പധർമ്മ സമാജം എന്നിവ നൽകുന്ന പുനഃപരിശോധനാ ഹർജികൾക്ക് പിന്തുണ നൽകും.

ശബരിമല ഉത്തരവിന്റെ പേരിൽ കലാപത്തിന് ശ്രമിക്കുന്നെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പരിഭ്രാന്തിയിൽ നിന്നുണ്ടായതാണ്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ അണിനിരന്ന പ്രതിഷേധത്തിൽ എവിടെയാണ് കലാപശ്രമമുണ്ടായത്. ഒരു പ്രത്യേക കാലയളവിൽ ഏറ്റവുമധികം ഭക്തർ എത്തിച്ചേരുന്ന ലോകത്തെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രമായ ശബരിമലയെ തകർക്കാനാണ് പാർട്ടി തീരുമാനപ്രകാരം സർക്കാർ ശ്രമിക്കുന്നത്. വിശ്വാസികളെ അടിച്ചമർത്താൻ അനുവദിക്കില്ല.

ബ്രൂവറി അഴിമതി അന്വേഷിക്കണം

ബ്രൂവറി അനുവദിക്കാനുള്ള തീരുമാനം റദ്ദാക്കിയത് സ്വാഗതാർഹമാണ്. അനുമതിക്ക് പിന്നിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണം - ശ്രീധരൻപിള്ള പറഞ്ഞു.