ആലുവ: പ്രളയാനന്തരം ചെറുമഴയിൽ പോലും വെള്ളക്കെട്ട് രൂക്ഷമാകുന്നത് നഗരത്തിലെ കച്ചവടക്കാരെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞദിവസം പെയ്ത മഴയിൽ സ്വകാര്യ ബസ് സ്റ്റാന്റ് പരിസരം, കുന്നുംപുറം റോഡ്, മെട്രോ സ്‌റ്റേഷൻ, ശ്രീകൃഷ്ണ ടെമ്പിൾ റോഡ് പരിസരങ്ങളിലെല്ലാം വ്യാപാരികൾ ദുരിതത്തിലായി. മാലിന്യം നിറഞ്ഞ കാനകളുടെ ശുചീകരണം നടത്താതിരുന്നതാണ് പ്രധാന പ്രതിസന്ധി. വെള്ളം ഒഴുകുന്നത് തടസപ്പെട്ടതോടെ മഴവെള്ളം റോഡിൽ തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയായി.
മെട്രോ അധികൃതരുടെ അശാസ്ത്രീയമായ കാന നിർമാണമാണ് ബൈപ്പാസ് കവലയിലെ വ്യാപാര സ്ഥാപനങ്ങളെ ദുരിതത്തിലാക്കിയതെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ഇവിടെ കച്ചവട സ്ഥാപനങ്ങൾക്ക് അകത്തുവരെ വെള്ളം കയറി. ബാങ്ക് കവലയിൽ നിന്ന് ബ്രിഡ്ജ് റോഡിലൂടെ ബൈപ്പാസ് വഴി ദേശീയപാത മുറിച്ചുകടന്ന് പെരിയാറിലേക്ക് ഒഴുകുന്ന കാനയാണ് പ്രശ്‌നമാകുന്നത്.
വിനയായത് കാനയുടെ ഉയരം കുറച്ചത്
കാനയുടെ ദേശീയപാതക്കടിയിലെ തടസങ്ങളാൽ നേരത്തേ മുതലേ പ്രശ്നങ്ങളുണ്ട്. ഇത് ഇടയ്ക്ക് ശുചീകരിച്ചാണ് പ്രശ്‌നപരിഹാരം കണ്ടിരുന്നത്. എന്നാൽ മെട്രോ സ്‌റ്റേഷൻ വന്നതോടെ പ്രതിസന്ധി രൂക്ഷമായി. ബ്രിഡ്ജ് റോഡിൽ നിന്ന് മെട്രോ സ്‌റ്റേഷനിലേക്ക് കടക്കുന്ന ഭാഗത്ത് കാനയുടെ ഉയരം കുറച്ചത് പ്രശ്‌നമായിട്ടുണ്ട്. ഈ ഭാഗത്ത് നേരത്തെ കാനയ്ക്ക് കൂടുതൽ ഉയരം ഉണ്ടായിരുന്നു. എന്നാൽ മെട്രോ പണികൾക്കിടയിൽ കാനയുടെ ഈ ഭാഗത്ത് ഉയരം കുറയ്ക്കുകയും സ്ഥിരമായ കോൺക്രീറ്റ് സ്ളാബ് സ്ഥാപിക്കുകയും ചെയ്തു. ഇതിന് മുകളിൽ മണ്ണിട്ട് പൊക്കിയാണ് റോഡ് ലെവലിൽ എത്തിച്ചത്. ഇതോടെ കാനയിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ ഈ ഭാഗത്ത് അടിഞ്ഞുകൂടുകയാണ്. കാനയുടെ ഉയരം കുറഞ്ഞതിനാൽ അകത്തുകയറി ശുചീകരിക്കാനും കഴിയുന്നില്ല. ഇതാണ് മഴ പെയ്യുമ്പോഴേക്കും കാന നിറഞ്ഞ് കവിയാനും കടകളിലേക്ക് വെള്ളം കയറാനും ഇടയാക്കുന്നത്.
വൻ നഷ്ടമെന്ന് വ്യാപാരികൾ
അടിക്കടിയുള്ള വെള്ളക്കെട്ട് വ്യാപാരികൾക്ക് വൻ നഷ്ടമാണ് ഉണ്ടാക്കുന്നത്. പ്രളയത്തിൽ പൂർണമായും മുങ്ങിപ്പോയ സ്ഥാപനങ്ങൾ ദിവസങ്ങളെടുത്താണ് പഴയ സ്ഥിതിയിലാക്കിയത്. ഇതിനിടയിൽ വീണ്ടും നിത്യേന വെള്ളക്കെട്ട് ഉണ്ടാകുന്നത് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.