pamba

കൊച്ചി : പ്രളയത്തെത്തുടർന്ന് പമ്പയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യുന്ന കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനം എടുക്കണമെന്നും ഇക്കാര്യം വ്യാഴാഴ്ച അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. പ്രളയത്തെത്തുടർന്നു ശബരിമലയിലും പമ്പയിലുമുണ്ടായ നാശനഷ്ടങ്ങൾ വ്യക്തമാക്കി ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിനെത്തുടർന്ന് സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് നിർദ്ദേശം.

കക്കി ഡാം തുറന്നു വിട്ടതിനെത്തുടർന്ന് പമ്പാ തീരത്ത് നാലു കിലോമീറ്ററോളം ദൂരത്തിൽ മണൽ അടിഞ്ഞു കൂടിയിരുന്നു. പത്തടിയോളം ഉയരത്തിൽ മണലുണ്ടെന്നാണ് റിപ്പോർട്ട്. ഇത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാവുമോയെന്നാണ് ഡിവിഷൻ ബെഞ്ച് ആരായുന്നത്. ഇന്നലെ വിഷയം പരിഗണിച്ചപ്പോൾ സ്വാഭാവികമായി അടിഞ്ഞു കൂടിയ മണലാണിതെന്ന നിലപാടാണ് വനം വകുപ്പിനുള്ളതെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്നാണ് ഇക്കാര്യത്തിൽ നയപരമായ തീരുമാനം വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. ജലസേചനവകുപ്പ്, ദേവസ്വം ബോർഡ്, വനംവകുപ്പ് തുടങ്ങി വിവിധ വിഭാഗങ്ങളെക്കൂടി പരിഗണിച്ച് തീരുമാനമെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

 നിലയ്ക്കൽ - പമ്പ തീർത്ഥാടകരെ എത്തിക്കാൻ മതിയായ സൗകര്യമുണ്ടോ ?

ശബരിമല തീർത്ഥാടകരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് എത്തിക്കാൻ മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ വിശദീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.