കൊച്ചി: ആചാരങ്ങളിൽ പാർട്ടിനയം നടപ്പാക്കാനിറങ്ങിയ ഇടതുമുന്നണി കോടതി വിധിക്ക് ശേഷം  ആചാര്യന്മാരുമായി ചർച്ചയ്‌ക്ക് സന്നദ്ധത അറിയിച്ചത് പരിഹാസകരമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കൊച്ചിയിൽ ചേർന്ന ഹിന്ദു നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജനാധിപത്യത്തിൽ വിശ്വാസത്തിന്റെ ഭാഗത്തുനിന്നാണ് തിരുമാനങ്ങൾ എടുക്കേണ്ടത്.  സർക്കാർ ഇടതുപക്ഷത്തിന്റെ അഭിപ്രായമാണ് കോടതിയിൽ പറഞ്ഞത്. മാറിവരുന്ന സർക്കാരുകർ അവരവരുടെ നയങ്ങൾ നടപ്പാക്കാനാണ് ശ്രമിച്ചത്.ഇത് ക്ഷേത്രത്തെ സംബന്ധിച്ച പ്രശ്നമല്ല, സനാതന ധർമ്മത്തിന്റെ സംരക്ഷണ വിഷയമാണ്. ആചാരാനുഷ്ഠാനങ്ങളുടെ വിധികർത്താക്കൾ ഹിന്ദുക്കളാണ്.ഹിന്ദുനേതൃത്വവും തന്ത്രികുടുംബവും ഒരുമിച്ചെടുക്കുന്നതാവണം ശബരിമല വിഷയത്തിലെ അവസാനവാക്ക്. വിപ്ലവം ജയിപ്പിക്കാൻ വിഗ്രഹം തകർക്കുകയെന്ന തന്ത്രമാണ് ഇടതുപക്ഷം പയറ്റുന്നത്. പാർട്ടി തീരുമാനങ്ങൾ നടപ്പാക്കാനുള്ള സ്ഥലമായി ദേവസ്വം ബോർഡ് മാറി. ഇപ്പോൾ നടക്കുന്ന സമരങ്ങളെ ഏകോപിപ്പിച്ച് ലക്ഷ്യം പൂർത്തീകരിക്കലാണ് സംഘപരിവാർ സംഘടനകൾ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.  വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആർ.കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, അയ്യപ്പസേവാ സമാജം ദേശീയ ജനറൽ സെക്രട്ടറി രാജൻ ഈറോഡ് ഉൾപ്പെടെ നിരവധി സംഘടനാ നേതാക്കൾ പങ്കെടുത്തു.