പിറവം: പാമ്പാക്കുട പാപ്പുകവലയിൽ നിന്ന് പിറമാടം വഴി മണ്ണത്തൂർക്കുള്ള റോഡ് തകർന്നടിഞ്ഞ് യാത്ര ദുഷ്കരമായിട്ട് നാളേറെയായി. പാമ്പാക്കുട എം.ടി.എം സ്കൂൾ, സ്പ്രിംഗ് ഡേൽസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ,എബനേസർ സ്കൂൾ ,പിറമാടം എൽ.പി സ്കൂൾ തുടങ്ങിയ സ്കൂളുകളും നിരവധി സ്ഥാപനങ്ങളും റോഡിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിലുണ്ട്. ഇവിടങ്ങളിലായി മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ബസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളും ഉൾപ്പെടെ അനേകം വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ റോഡ് യാത്രക്കാരെ കഷ്ടപ്പെടുത്താൻ തുടങ്ങിയിട്ട് രണ്ട് വർഷം പിന്നിട്ടു. കോലഞ്ചേരി, ചൂണ്ടി, പുത്തൻകുരിശ്, രാമമംഗലം, പൂതൃക്ക മേഖലകളിലേക്ക് ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും പോകുന്നവരുടെ കാര്യമാണ് ഏറെ കഷ്ടം.
പണി തുടങ്ങിയിട്ട് ഒന്നരവർഷം
റോഡ് വീതി കൂട്ടി ടാർ ചെയ്യുന്നതിനുള്ള നടപടി തുടങ്ങിയിട്ട് ഒന്നര വർഷത്തിലേറെയായിട്ടും എങ്ങുമെത്തിയില്ല. വീതി കൂട്ടിയ ചിലയിടങ്ങളിൽ റോഡ് വെട്ടിപ്പൊളിച്ച് ഇട്ടിരിക്കുന്നതിനാൽ കാൽ നടയാത്ര പോലും ദുസ്സഹമായി. ടെലിഫോൺ കേബിളുകളും കുടിവെള്ള പൈപ്പ് ലൈനുകളും പലയിടങ്ങളിലും തകർന്നുകിടക്കുന്നത് നാട്ടുകാർക്ക് കൂനിന്മേൽ കുരുവായി. മിക്കയിടങ്ങളിലും തകർന്ന ടാപ്പുകളും പൈപ്പിൻ കുഴലുകളും പൂർവസ്ഥിതിയിലാക്കുവാൻ കഴിഞ്ഞിട്ടില്ല .
മഴയത്തും വെയിലത്തും ദുരിതയാത്ര
മഴക്കാലത്ത് റോഡ് വെള്ളക്കെട്ടുകൊണ്ട് പൂർണമായി മൂടും. വെയിലാണെങ്കിൽ പൊടിയഭിഷേകമാണ്. ഏതു കാലാവസ്ഥയിലും ദുരിതയാത്രയ്ക്ക് മാറ്റമില്ല. പൊതുമരാമത്ത് വകുപ്പ് അധികാരികളാകട്ടെ ഇതൊന്നും അറിഞ്ഞതായി ഭാവിക്കുന്നില്ല.
അടിയന്തര നടപടിവേണം
റോഡിന്റെ നിർമ്മാമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കണം . ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് പല പ്രാവശ്യം ഇത് സംബന്ധിച്ച് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. അടിയന്തര നടപടിയില്ലെങ്കിൽ പ്രക്ഷോഭം നടത്തും.
പ്രിൻസ് പീറ്റർ, കൺവീനർ
ജനകീയവേദി.