ഫോർട്ടുകൊച്ചി: റോ റോ ഒന്നാക്കി വെട്ടിച്ചുരുക്കി, ഡെമു നിർത്തലാക്കി, തോപ്പുംപടി വഴിയുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ഭൂരിഭാഗവും വൈറ്റില വഴിതിരിച്ചുവിട്ടു, മട്ടാഞ്ചേരി ബോട്ട് ജെട്ടിയിൽ ആവശ്യത്തിന് ബോട്ടില്ല. രാത്രി എട്ടിനുശേഷം കുമ്പളങ്ങി, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, ഇടക്കൊച്ചി, ചെല്ലാനം ഭാഗത്തേക്കുള്ള സ്വകാര്യബസുകൾ വെട്ടിച്ചുരുക്കുന്നു... പശ്ചിമകൊച്ചിക്കാരുടെ ദുരിതപരമ്പരയ്ക്ക് അറുതിയില്ല.

കൊച്ചിൻ ഷിപ്പ്‌യാർഡിൽ പണികഴിപ്പിച്ച രണ്ട് റോ റോകളിൽ ഒരെണ്ണം കല്ലിൽ ഇടിച്ച് പ്രൊപ്പല്ലർ തകർന്നതിനെ തുടർന്നാണ് കട്ടപ്പുറത്തായത്. മാസങ്ങൾ പിന്നിട്ടെങ്കിലും കേട് വന്ന റോ റോ ഇറക്കാൻ അധികാരികൾ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന നഗരറോഡുകൾ ഒഴിവാക്കി പടിഞ്ഞാറൻ കൊച്ചിക്കാർക്ക് എറണാകുളം ഹൈക്കോർട്ട്, മേനക, വൈപ്പിൻ തുടങ്ങിയ സ്ഥഥലങ്ങളിലേക്ക് വളരെ എളുപ്പത്തിൽ എത്താൻ റോ റോ സഹായമായിരുന്നു. ഡെമു ഓടിത്തുടങ്ങിയതോടെ രാവിലെയും വൈകിട്ടും വാത്തുരുത്തി റെയിൽവേ ഗേറ്റിനിരുവശവും കനത്ത ഗതാഗതക്കുരുക്കായിരുന്നു. നഷ്ടത്തിന്റെ പേരുപറഞ്ഞ് തത്ക്കാലം തിങ്കളാഴ്ച മുതൽ മെമു സർവീസ് നിർത്തലാക്കി.

തോപ്പുംപടി വഴി സർവീസ് നടത്തിയിരുന്ന പല കെ.എസ്.ആർ.ടി.സി.ബസുകളും ഇപ്പോൾ അധികാരികൾ വൈറ്റില ഹബ് വഴിയാണ് തിരിച്ചുവിടുന്നത്. മട്ടാഞ്ചേരി ബോട്ട് ജെട്ടിയിൽ നിന്ന് സർവീസ് നടത്തിയിരുന്ന ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ടുകൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഓടിക്കാതിരിക്കുന്നതും യാത്രക്കാർക്ക് കൂനിന്മേൽ കുുരുവായി. പശ്ചിമകൊച്ചിയിലെ യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പ്രവർത്തകർ ജില്ലാ കളക്ടർക്ക് പരാതി നൽകി.

പ്രശ്നം പരിഹരിക്കണം

യാത്രാക്ളേശം പരിഹരിക്കാൻ അധികാരികൾ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ സമര പരിപാടികളുമായിി മുന്നോട്ടുപോകുമെന്ന് ആം ആദ്മി കൊച്ചി മണ്ഡലം കൺവീനർ അലക്‌സാണ്ടർ മുന്നറിയിപ്പ് നൽകി. യാത്രാക്‌ളേശം പരിഹരിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷൻ നേതാവ് വി.ഡി. മജീന്ദ്രൻ ആവശ്യപ്പെട്ടു.